കോഴിക്കോട്: ദേശിയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ പുറത്തെടുത്ത കേരളം ഫെമിനയുടെയും വിനീതയുടെയും മാനസയുടെയും കരുത്തിലാണ് ജയം കൊയ്തത്. മഴ പെയ്ത് ഗ്രൗണ്ട് നനഞ്ഞതിനാല്‍ താരങ്ങള്‍ കളിക്കിടയില്‍ തെന്നി വീഴുന്നത് ആവര്‍ത്തിച്ചു.
കളിയുടെ ആദ്യ പകുതിയിലെ 44-ാം മിനിറ്റില്‍ വിനീത വിജയന് നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഉത്തരാഖണ്ഡ് ശക്തമായ തിരിച്ചുവരവാണ് പുറത്തെടുത്തത്. മികച്ച നീക്കത്തിലൂടെ 52-ാം മിനിറ്റില്‍ സമനില പിടിച്ചു. ഭഗവതി ചൈഹാന്‍ ഗോള്‍ നേടി. മികച്ച അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ രേഷ്മയ്ക്ക് പകരക്കാരിയായി ഇറങ്ങിയ മാനസ 75-ാം മിനിറ്റില്‍ മനോഹരമായ ലോങ് റേഞ്ചിലൂടെ ഉത്തരഖണ്ഡിന്റെ വലകുലുക്കിയതോടെ കേരളം വീണ്ടും ലീഡ് പിടിച്ചെടുത്തു. 86-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കേരളം വീണ്ടും ഉത്തരഖണ്ഡിന്റെ വലകുലുക്കി. ഗോളിയെ കബളിപ്പിച്ച് ഫെമിന ലീഡ് വര്‍ധിപ്പിച്ചു. ഒരു ഡസനോളം അവസരങ്ങളാണ് കേരളം നഷ്ടപ്പെടുത്തിയത്.
ഇതോടെ ഗ്രൂപ്പ് ജിയില്‍ രണ്ട് കളികളില്‍ നിന്ന് കേരളത്തിന് മൂന്ന് പോയിന്റായി. മിസോറാമിന് രണ്ടു കളിയില്‍ നിന്ന് ആറ് പോയിന്റും മധ്യപ്രദേശ് മൂന്ന് പോയിന്റും നേടി. ഒരു കളിപോലും ജയിക്കാത്ത ഉത്തരാഖണ്ഡ് ടൂര്‍ണമെന്റില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ആദ്യ മത്സരത്തില്‍ കേരളം മിസോറാമിനോട് തോറ്റിരുന്നു. ഇന്നത്തെ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ റയില്‍വേയ്സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ദാദ്ര ആന്‍ഡ് നാഗര്ഹേവലിലെയെ പരാജയപ്പെടുത്തി. റയില്വേയ്സിന് വേണ്ടി മമ്ത നാല് ഗോള്‍ നേടി. സുപ്രിയ റൗട്രായി ഒരു ഗോള്‍ നേടി. ഡിസംബര്‍ രണ്ടിന് നടക്കുന്ന ഛത്തീസ്ഗഢ് – റെയില്‍വേയ്സ് മത്സരത്തിലെ വിജയി ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ യോഗ്യത നേടും. മറ്റ് മത്സരങ്ങളില്‍ മേഘാലയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ദാമന്‍ ദിയുവും മണിപ്പൂര്‍ എതിരില്ലാത്ത 12 ഗോളുകള്‍ക്ക് പോണ്ടിച്ചേരിയെയും പരാജപ്പെടുത്തി. ഹരിയാന എതിരില്ലാത്ത നാല് ഗോളിന് ആന്ധ്രപ്രദേശിനെയും ഫുട്ബോള്‍ അസോസിയേഷന് മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഗുജറാത്തിനെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: