കൊച്ചി : മുന്മിസ് കേരളയും മിസ് കേരള റണ്ണറപ്പുമായ അന്‍സി കബീറും അഞ്ജന ഷാജനും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചന് ലഹരിക്ക് അടിമയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകള്‍ പരാതി നല്കിയാല് ഉടനടി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി.
മോഡലുകളുടെ കാറിനെ സൈജു പിന്തുടര്ന്നതിനെ തുടര്‍ന്നാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പോലീസ് പരിഗണിച്ചു വരികയാണ്. പല ഡിജെ പാര്‍ട്ടികള്‍ക്കും ഇയാള്‍ ലഹരി മരുന്ന് നല്‍കിയിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യലില്‍ സൈജു ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്.
മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട അന്ന് രാത്രി ഹോട്ടലില്‍ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ശേഷം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ അന്‍സിയെയും അഞ്ജനയേയും സൈജു കാറില്‍ പിന്തുടര്ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തിയും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സൈജു പിന്നേയും മോഡലുകളെ പിന്തുടര്ന്നപ്പോഴാണ് കാര്‍ വേഗത്തില്‍ ഓടിക്കുന്നതും അപകടം സംഭവിക്കുന്നതുമെന്നാണ് പ്രാഥമിക നിഗമനം.
ഡിജെ പാര്‍ട്ടിക്ക് വരുന്ന പെണ്‍കുട്ടികളെ സൈജു ദുരുപയോഗം ചെയ്തിട്ടുണ്ട്. സൈജുവിന്റെ ഫോണില്‍ നിന്ന് ഇത് തെളിയിക്കുന്ന നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഫോണിലെ ചിത്രങ്ങളിലുള്ള പെണ്‍കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സൈജുവിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും അന്വേഷിക്കും. ഇന്റീരിയര്‍ ഡിസൈനില്‍ ഡിപ്ലോമ മാത്രമുള്ള സൈജുവിന്റെ സാമ്പത്തിക വളര്‍ച്ച പെട്ടെന്നായിരുന്നു. ഇയാളുടെ സാമ്പത്തിക സ്രോതസ്സും പോലീസ് അന്വേഷിക്കുന്നുണ്ട്.
ലഹരിമരുന്ന് ഇടപാടുകളിലൂടെയാണോ സൈജു ഇതിനൊക്കെയുള്ള പണം സമ്പാദിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. മോഡലുകളെ പിന്തുടര്‍ന്ന സൈജുവിന്റെ കാറും വസ്തുക്കളും കോടതയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. സൈജുവിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം ഒളിവില്‍പ്പോയ സൈജു തങ്കച്ചന് പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് ഹൈക്കോടതി തീര്‍പ്പാക്കിയതോടെ ഈ മാസം 26-ന് സൈജുവിനെ അറസ്റ്റ് ചെയ്ത പോലീസ് ഇയാള്‍ സഞ്ചരിച്ച ഔഡി കാറും കസ്റ്റഡിയില്‍ എടുത്തു. നരഹത്യ, സ്തീകളെ അനുവാദമില്ലാതെ പിന്തുടര്ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: