ഡോ. സുകുമാര്‍ കാനഡ
സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമായി, രേഖീയമായി, സംഭവപരമ്പരകളെ കണക്കാക്കുന്നത് യുക്തിസഹമല്ല. എങ്കിലും കൃതയുഗത്തില്‍ നടന്ന സംഭവം എന്ന നിലയ്ക്ക് ദേവന്മാരുടെയും അസുരന്മാരുടേയും സ്ഥിതി അപ്പോള്‍ എന്തായിരുന്നു എന്ന് നോക്കാം.
ഇരുകൂട്ടരും തമ്മില്‍ മനോഭാവത്തിനും പ്രവണതകള്‍ക്കും ഒഴികെ മറ്റ് കാര്യങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല. കൃതയുഗത്തില്‍ ദേവാസുരന്മാര് മാന്യമായി സംവദിക്കുകയും അത്യാവശ്യം സഹകരിക്കുകയും ചെയ്തുവെന്ന് സമുദ്രമഥനത്തിലൂടെ മനസ്സിലാക്കാം. എന്നാല്‍ ദേവന്മാര് ദേവലോകത്തും അസുരന്മാര് പാതാളത്തിലുമായി വെവ്വേറെ ലോകങ്ങളിലാണ് കഴിഞ്ഞിരുന്നത്. ത്രേതായുഗമായപ്പോള് ദേവന്മാരും അസുരന്മാരും ഒരേലോകത്ത് ജീവിച്ചതായി കാണാം. ശ്രീരാമനും രാവണനും ഭൂമിയില്‍ത്തന്നെ ആയിരുന്നല്ലോ. അവര്‍ ഭൂമിയിലെ വിവിധഭാഗങ്ങള്‍ ഭരിച്ചിരുന്നു. ഇനി ദ്വാപരയുഗത്തിലെത്തുമ്പോള് ദേവാസുരന്മാരെ ഒരേ കുടുംബത്തില്‍ത്തന്നെ കാണാം.
പാണ്ഡവരും കൗരവരും ജ്യേഷ്ഠാനുജപുത്രന്മാര് ആയിരുന്നല്ലോ. എന്നിട്ടും അവര്‍ തമ്മില്‍ യുദ്ധംചെയ്തു. ഇന്നിപ്പോള്‍ കലിയുഗത്തിലെ കാര്യമെടുത്താലോ? ദേവാസുരസംഘര്ഷം അവനവന്റെ ഉള്ളില്‍ത്തന്നെയാണ്. ഒരുവന്റെ മനസ്സില്‍ത്തന്നെ അസുരനും ദേവനും അവതരിക്കുന്നു. ആ പോരാട്ടം അവന്റെ സമാധാനം ഇല്ലാതാക്കുന്നു. അനുനിമിഷം തന്റെ മനോഭാവത്തിനനുസരിച്ച് ദേവനും അസുരനും പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ പോരാടുന്നു. ഇങ്ങനെയുള്ള മനുഷ്യമനസ്സിനെ നയിക്കാനാണ് സ്വാമി അയ്യപ്പന് ഭൂമിയില്‍ അവതരിച്ചത്.
സമുദ്രമഥനത്തിലെ, അലകള്‍ ഒഴിയാത്ത സമുദ്രം നമ്മുടെ മനസ്സാണ്. എപ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്തയുടെയും ആവലാതികളുടേയും, വല്ലപ്പോഴും ലഭിക്കുന്ന ആനന്ദത്തിന്റെയും അലകളാണ് മനസ്സുനിറയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: