തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സിപിഎം പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ സഖാക്കളുടെ വന്‍വിമര്‍ശനം.
സാധാരണപ്രവര്‍ത്തകരില്‍ നിന്നും മന്ത്രി അകന്നെന്നും വിളിച്ചാല്‍ പോണെടുക്കുന്നില്ലെന്നും ചിലര്‍ പരാതി ഉന്നയിച്ചു. മന്ത്രിയെക്കിട്ടാന് മറ്റുള്ളവരെ ഫോണില്‍ വിളിക്കേണ്ട ഗതികേടാണെന്നും വിമര്‍ശനമുണ്ടായി. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്തുകൊണ്ട് ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തു എന്ന ചോദ്യവും ഉണ്ടായി. നഗരസഭയിലെ ഒരു കൗണ്‍സിലറാണ് ഈ ചോദ്യം ഉന്നയിച്ചത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വീണാ ജോര്‍ജ്ജിന് മാത്രം ഇളവ് നല്കിയതെന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ച പല വികസനപദ്ധതികളും നടപ്പാക്കിയില്ലെന്നും മന്ത്രി മറ്റ് പാര്‍ട്ടിക്കാരുമായി കൂട്ടുകൂടുന്നെന്നും വിമര്‍ശനമുണ്ടായി.
എന്നാല്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് പറഞ്ഞ് വീണാ ജോര്‍ജ്ജിനെ സംരക്ഷിക്കുകയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ഉദയഭാനു തുറന്നടിച്ചു. വിശ്വാസികള്‍ക്ക് പാര്‍ട്ടി എതിരല്ലെന്നും ഉദയഭാനു പറഞ്ഞു. വീണാ ജോര്‍ജ്ജിനെ 2016ലും 2021ലും തോല്പിക്കാന് ശ്രമിച്ചവര്‍ പാര്‍ലമെന്ററി വ്യാമോഹം ഉള്ളവരാണെന്നും ഉദയഭാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: