ജനീവ: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ പടര്‍ന്നു കഴിഞ്ഞാല്‍ ലോകരാജ്യങ്ങള്‍ നേരിടേണ്ടി വരിക അതീവ ഗുരുതരമായ പ്രത്യാഘാതമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. അഭ്യൂഹങ്ങള്‍ പലതുണ്ടെങ്കിലും ഒമിക്രോണിന്റെ ആക്രമണം പ്രവചനാതീതമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കാനഡയില്‍ രണ്ടുപേരില്‍ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കാണ് ഒന്റാരിയോയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രവിലക്ക് കാനഡ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നൈജീരിയ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഒമിക്രോണ്‍ വൈറസിന്റെ വ്യാപനത്തെക്കുറുച്ച് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഒരോ രാജ്യങ്ങളും. കാനഡ, യുഎസ് എന്നിവിടങ്ങളില്‍ ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. യാത്രാവിലക്ക് ഉള്‍പ്പെടെ വിവിധ പ്രതിരോധ മാര്‍ഗങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.
ഓസ്ട്രേലിയയില്‍ രണ്ട് പേര്‍ക്കും കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ശനിയാഴ്ച തിരികെയെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര് അടങ്ങുന്ന സംഘമാണ് രാജ്യത്തേക്ക് തിരികെയെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇരുവരും കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സംഘത്തിലെ 12 പേര് ക്വാറന്റൈനിലാണ്.
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ ദക്ഷിണാഫ്രിക്കയിലാണ് സ്ഥിരീകരിച്ചത്. ഒമിക്രോണിന് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതല്‍ സംക്രമണം നടത്താനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി വരുന്നവര്‍ക്ക് കാനഡയില്‍ പ്രവേശനം നല്‍കുന്നതിനുമുമ്പ് കര്‍ശന പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: