ന്യൂദല്‍ഹി: എളമരം കരീം, ബിനോയി വിശ്വം എന്നിവരും വനിതകളും അടക്കം രാജ്യസഭയിലെ 12 പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്ഷന്. കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തിലെ ചെയ്തിയുടെ പേരിലാണ് ഇന്നലെ തുടങ്ങിയ ശൈത്യകാല സമ്മേളനത്തിലെ ശേഷിച്ച ദിവസങ്ങളിലേക്ക് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡു ചെയ്തത്. ഡിസംബര്‍ 23 വരെ നീളുന്ന സമ്മേളനകാലം മുഴുവനായി സസ്പെന്‍ഡു ചെയ്തത്. കഴിഞ്ഞ സമ്മേളനകാലത്ത് മേശയ്ക്കു മുകളില്‍ കയറി നിന്നു ബഹളം വയ്ക്കുകയും വാച്ച് ആന്‍ഡ് വാര്‍ഡുകാരെ കൈയേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതുമായി സഹകരിക്കില്ലെന്ന് എംപിമാര്‍ അറിയിച്ചിരുന്നു.
എളമരം കരീം (സിപിഎം), ബിനോയി വിശ്വം (സിപിഐ), ഫുലോ ദേവി നേതം, ഛായ വര്‍മ, റിപുന്‍ ബോറ, രാജമണി പട്ടേല്‍, സഈദ് നസീര്‍ ഹുസൈന്, അഖിലേഷ് പ്രസാദ് സിംഗ് (കോണ്‍ഗ്രസ്), ദോള സെന്‍, ശാന്ത ഛേത്രി (തൃണമൂല്‍), പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി (ശിവസേന) എന്നിവരെയാണ് രാജ്യസഭയില്‍ നിന്നു സസ്പെന്‍ഡു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: