കൊച്ചി: എറണാകുളം വൈറ്റിലയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി സൈജു തങ്കച്ചനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന ഡിജെലഹരി പാര്‍ട്ടികളുടെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ലഹരി നല്കി സൈജു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി തെളിയിക്കുന്ന ചിത്രങ്ങളും ലഭിച്ചതായാണ് സൂചന.
സൈജുവിനെ ലഹരി കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. സൈജുവിന്റെ വാട്സപ്പ്, കോള്‍ റെക്കോഡുകള്‍ ഉള്‍പ്പെടെ വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇയാള്‍ മോഡലുകളെ പിന്തുടരാന് ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താന്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഉദ്ദേശ്യത്തോട് കൂടിയാണ് ഇയാള്‍ മോഡലുകളെ പിന്തുടര്ന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
സൈജുവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ മറ്റ് ചിലര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സൈജു തന്നെ ചിത്രീകരിച്ചതാണ്. ഇതോടെ സൈജുവിന് ലഹരി ഇടപാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ലഹരി ഉപയോഗിച്ചവര്‍ ആരൊക്കെയെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
ഡി.ജെ പാര്‍ട്ടികളില്‍ എത്താറുള്ള പെണ്‍കുട്ടികളെ ലഹരി നല്കി ദുരുപയോഗം ചെയ്യുന്ന ചില ദൃശ്യങ്ങളും പോലീസിന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ചില യുവതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.. ഇയാള്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാര്‍ട്ടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: