അക്കൗണ്ടന്റ് ജനറലിന്റെ കണക്കനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോള്‍ കേരളത്തിന്റെ റവന്യുകമ്മി 150.76% ആയി ഉയര്‍ന്നിരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. കഴിഞ്ഞ ഒരു വര്‍ഷത്തെ കടബാദ്ധ്യത 38190 കോടിരൂപയായിരുന്നെങ്കില്‍ പിന്നിട്ട ആറ് മാസത്തെ കട ബാദ്ധ്യത 37783. 61 കോടി രൂപയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആളോഹരി കടബാദ്ധ്യതയും കുത്തനെ ഉയര്‍ന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്നു മുമ്പ് ആളോഹരി കടബാദ്ധ്യത 42499 രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തോടെ അത് 66561 രൂപയായി. ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിലാദ്യം. കടക്കെണിയില്‍ കുരുങ്ങി മുങ്ങിത്താഴുമ്പോഴും കടം വാങ്ങാനുള്ള പുതിയ സ്രോതസ്സുകളെക്കുറിച്ച് സര്‍ക്കാര്‍ ഗവേഷണം നടത്തുയാണ്. വാങ്ങിയ കടത്തിന്റെ പലിശ വീട്ടാന്‍ വീണ്ടും കടം വാങ്ങുന്ന ഒരു സര്‍ക്കാര്‍.! ലഭ്യമായ കണക്കനുസരിച്ച് കഴിഞ്ഞ ആറുമാസത്തെ പലിശ മാത്രം 1462 കോടിയാണ്. ചുരുക്കത്തില്‍ കേരളം കടം കയറി മുടിയുകയാണ്.
കടത്തിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന കേരളത്തെ കരകയറ്റാനായി പതിനഞ്ചാം ധനകാര്യ കമ്മീഷന് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഇവിടെ പ്രസക്തമാണ്. അനാവശ്യ തസ്തികകള്‍ വെട്ടിക്കുറയ്ക്കുക, ചെലവ് കര്‍ശമായി നിയന്ത്രിക്കുക, ധൂര്‍ത്ത് അവസാനിപ്പിക്കുക എന്നിവയായിരുന്നു ആ നിര്‍ദ്ദേശങ്ങള്‍. അതെല്ലാം പക്ഷെ ഭരണാധികാരികളുടെ ബധിര കര്‍ണ്ണങ്ങളിലാണ് ചെന്നുപതിച്ചത്. വി.എസ്. അച്യുതാനന്ദന് ചെയര്‍മാനായ ഭരണപരിഷ്ക്കാര കമ്മീഷന് ഒരു ഉദാഹരണം മാത്രം. ഓഫീസ്, ജീവനക്കാര്‍, വാഹനം എന്നിവയ്ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 12 കോടിയാണ് ധൂര്‍ത്തടിച്ചത്. കമ്മീഷന് മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശമെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചക്കു പോലുമെടുത്തില്ല. ഉപദ്രവമൊഴിവാക്കാന്‍ ജനങ്ങളുടെ ചെലവില്‍ ഒരു കമ്മീഷന്. കഷ്ടപ്പെട്ട് പഠിച്ച് പാസ്സായി റാങ്ക് ലിസ്റ്റില്വന്നവരെ തഴഞ്ഞ് പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ നിര്‍ബാധം തിരുകിക്കയറ്റുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ തീറ്റിപ്പോറ്റുന്ന മറ്റൊരു പാര്‍ട്ടി ലൈന്‍. ഇത് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായി മാറിയിട്ട് കാലമേറെയായി. ആറ് കോടിയില്‍പ്പരം ജനസംഖ്യയുള്ള അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ ഏഴ് ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണുള്ളതെങ്കില് മൂന്നരക്കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ അഞ്ചു ലക്ഷത്തില്‍പ്പരം ഉദ്യോഗസ്ഥരുണ്ട്. പെന്ഷന് പറ്റിയവരാകട്ടെ നാലു ലക്ഷത്തില്‍ താഴെയും. ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി റവന്യൂ വരുമാനത്തിന്റെ 65% മാറ്റിവെക്കേണ്ടിവരുന്നു. വിദ്യാഭ്യാസം( 14.6 % )കൃഷി (5.2% )ഗ്രാമ വികസനം (4.5 %) പൊലിസ്( 2.6 % )റോഡ് – പാലം (3.6 % )ഇതിനെല്ലാം വേണ്ടി ഇടതുപക്ഷ ബദല്‍ എന്ന് ഊറ്റം കൊള്ളുന്ന കേരളം മാറ്റിവയ്ക്കുന്ന തുക ദേശീയ ശരാശരിക്കും താഴെയാണ്. അപവാദമെന്ന് പറയാവുന്നത് ആരോഗ്യ മേഖല മാത്രമാണ്.അതു പോലും നാമമാത്രം.( 5.5 %) അപ്പോഴും ഭരണ പരാജയം മറച്ചുവക്കാനുള്ള കോടികളുടെ പരസ്യങ്ങളും അനാവശ്യമായ വിദേശ യാത്രയും വഴിയുള്ള വ്യാപകമായ ധൂര്‍ത്തിന് കുറവൊന്നുമില്ല. വിശ്വസിച്ച് ഭരണമേല്‍പ്പിച്ച ജനങ്ങളെ അവരറിയാതെ പണയപ്പെടുത്തിയ മൂന്നണികളുടെ ഈ കെടുകാര്യസ്ഥതയാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും വികസന മുരടിപ്പിലേക്കും നയിച്ചത്.
പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി 2016 ല്‍ ഇടതുമുന്നണി തന്നെ ഇറക്കിയ ധവളപത്രത്തില്‍ അധികം വൈകാതെ ശമ്പളം , പെന്ഷന് , കടം തിരിച്ചടവ് എന്നിവ മുടങ്ങുമെന്ന് പറഞ്ഞിരുന്നതാണ്. 2021 ആവുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് സാമ്പത്തിക വിദഗ്ദന്മാരും മുന്നറിയിപ്പു നല്‍കിയിരുന്നു. അപ്പോഴും കേരള മോഡലിന്റെ സ്വപ്ന സാമ്രാജ്യത്തിലിരുന്ന് ഉറക്കം തൂങ്ങിയ ഭരണാധികാരികള്‍ എല്ലാം ഇരുട്ടു കൊണ്ട് ഓട്ടയടച്ചു. നേഷണല്‍ ഇക്കണോമിക് റിവ്യൂ പ്രകാരം മൂന്നര പതിറ്റാണ്ട് ഇടതുപക്ഷം അധികാരത്തിലിരുന്ന ബംഗാള്‍ കഴിഞ്ഞാല്‍, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഉപാധികളില്ലാതെ കിട്ടുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയതും പ്രത്യുത്പാദനപരമല്ലാത്ത മേഖലകളില്‍ ഉപയോഗിച്ച് ധൂര്‍ത്തടിച്ചതും തകര്‍ച്ചക്ക് ആക്കം കൂട്ടി. ‘most other states are revenue surplus since they utilities the loans for development and capital investment. Kerala however uses the loans for daily expenditure and to bridge the revenue deficit. The revenue deficit during 2021 was 38,190 core.’ (Economic review).
കേന്ദ്രവും കേരളവും ഒരു പാര്‍ട്ടി ഭരിക്കുന്ന കാലഘട്ടത്തില്‍ ലഭിക്കുന്നതിനേക്കാള്‍ മുന്തിയ പരിഗണനയാണ് ഇന്ന് ലഭിക്കുന്നത് എന്ന് എതിരാളികള്‍ പോലും സമ്മതിക്കും. വികസനവുമായി ബന്ധപ്പെട്ട മേഖലകളിലെന്നപോലെ കെടുതികള്‍ വരുമ്പോഴും കേന്ദ്രം നല്‍കുന്നത് ഉയര്‍ന്ന പരിഗണനയാണ്. കേന്ദ്ര ഗ്രാന്റുകള്‍ മാത്രം 11235 കോടിരൂപ 2019 – 20 കാലയളവില്‍ 176 % വര്‍ദ്ധിച്ച് 31, 049 കോടി രൂപയായി ഉയര്‍ന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന് സാമ്പത്തിക തകര്‍ച്ചയെ മറികടക്കാനായി റവന്യു ഡഫിസിറ്റ് ഗ്രാന്റായി 37814 കോടി രൂപ അനുവദിച്ചത് ഇതിനു പുറമെയാണ്. എന്നാല്‍ ഇതൊന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചില്ല . സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയും കാര്യപ്രാപ്
തിയുടെ അഭാവവും വകമാറി ചെലവു ചെയ്യുന്നതും തീരാശാപമാവുന്നു. ഘടക കക്ഷി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ വിദേശ ചികിത്സാ വിവാദം മറക്കാറായിട്ടില്ല. ഇടതു ഭരണത്തില്‍ ധനവിനിയോഗത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ കമ്മീഷനാണ്. ജനങ്ങള്‍ക്ക് വേണ്ടാത്ത കെ-റെയിലിനു വേണ്ടി ഒരു ലക്ഷം കോടി സമാഹരിക്കാന്‍ ഒരു കാലത്ത് നിശിതമായി വിമര്‍ശിച്ച ലോകബാങ്കില്‍ അഭയം തേടിയതിന്നു പിന്നിലെ രഹസ്യവും മറ്റൊന്നല്ല. കമ്മീഷന് തന്നെ.
ഭൂമിയുടെ ലഭ്യതക്കുറവും ജനപ്പെരുപ്പവും വികസന മുരടിപ്പിന് കാരണമാകുന്നുവെന്നാണ് വ്യവസായ വകുപ്പ് മന്ത്രി ഈയിടെ പറഞ്ഞത്. മനുഷ്യവിഭവശേഷിയേക്കാള്‍ അമൂല്യമായ മറ്റൊന്നുമില്ലെന്ന് വരട്ടുതത്വവാദികളായ ഇക്കൂട്ടര്‍ തിരിച്ചറിയുന്നതെന്നാണാവോ ? 44 നദികള്‍ ഒഴുകുന്ന, നൂറു ശതമാനം സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാട് ഉപഭോക്തൃ സംസ്ഥാനമായി അധ:പ്പതിച്ചു പോയതെന്തെന്ന് അന്വേഷണം അപ്പോഴുമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതരുള്ള, ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി മാറിയതെന്തെന്നും അന്വേഷണമില്ല. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപിനെയും പിന്നിലാക്കി കേരളം ഇരുപത്തിയാറാമതായി നാണം കെട്ടു നില്ക്കുന്നതെന്തുകൊണ്ടെന്ന ചിന്തയും ഇല്ല .
കിറ്റക്സിനെ കെട്ടുകെട്ടിച്ചവര്ക്ക് – നോക്കുകൂലിയെന്ന പിടിച്ചുപറിയെ ന്യായീകരിക്കുന്നവര്‍ക്ക് അതിനും ന്യായമുണ്ട്. തെരഞ്ഞെടുത്ത മാനദണ്ഡം ചതിച്ചതാണത്രെ. ! അഴിമതി മുക്തവും വികസനകാഴ്ചപ്പാടുമുള്ള ഒരു ജനപക്ഷബദല്‍ നിലവില്‍ വരാത്തിടത്തോളം കാലം, കടം കയറി മുടിഞ്ഞ് സമസ്ത മേഖലകളും തകര്‍ന്നു കിടക്കുന്ന കേരളത്തിനു മോചനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: