കോഴിക്കോട്: മാപ്പിളക്കലാപത്തിലെ വിവാദ പുരുഷന് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയും മറ്റും ഗാന്ധിജിക്ക് തുല്യരോ അതിനുമപ്പുറമോ മഹാന്മാരാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. മുസ്ലിങ്ങള്‍ക്ക് വിധിച്ചിരിക്കുന്ന ഭക്ഷണം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയതേ ഭക്ഷിക്കാവൂ, അതാണ് ഹലാല്‍ എന്നും കാന്തപുരം പറഞ്ഞു. 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങള്‍ എന്ന വിഷയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
രാജ്യത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിന് വേണ്ടിയും അധ്വാനിക്കുന്നതിലും സമരം നടത്തുന്നതിലും മുസ്ലിങ്ങള്‍ പിന്നിലായിരുന്നില്ല. മറ്റുമതസ്ഥര്‍ക്കൊപ്പമോ അതിലും മുമ്പിലോ നിന്ന് മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ ഗാന്ധിജിയോടൊപ്പം, തുല്യനിലയിലോ അതിലും അധികമായോ തന്നെ സമരം ചെയ്തവരില്‍ മുസ്ലിങ്ങളുണ്ട്. മൗലാനാ മുഹമ്മദ്അലിയും മൗലാനാ ഷൗഖത്ത് അലിയും തുടങ്ങിയ വ്യക്തികളും ആ ഇനത്തില്‍ പെടുന്ന വാരിയംകുന്നത്തും ആലി മുസ്ല്യാരും ചരിത്രത്തില്‍ പറയപ്പെടുന്ന ആ മഹാന്മാരെല്ലാം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതെല്ലാം മാറ്റിമറിച്ചുകളയാന്‍ ചിലര്‍ ശ്രമിക്കുകയാണ്, കാന്തപുരം വിവരിച്ചു.
ഹലാല്‍ വിവാദം മുസ്ലിങ്ങളെ പരിഹാസ്യരാക്കാന്‍ വേണ്ടി ചിലര്‍ ഉയര്‍ത്തുന്ന ശബ്ദം മാത്രമാണ്. ഹലാല്‍ തുപ്പിയ ഭക്ഷണമല്ല. മുസ്ലിങ്ങള്‍ക്ക് ഇന്ന മാംസമേ കഴിക്കാവൂ എന്നുണ്ട്. അങ്ങനെ വിധിച്ച മൃഗങ്ങളെ ശരിഅത്ത് പ്രകാരം അറുക്കുകയും രക്തം വാര്‍ന്നുപോകുകയും ചെയ്ത ശേഷമേ ഭക്ഷിക്കാവൂ എന്നുണ്ട്. ചില ഹോട്ടലുകള്‍ ഹലാല്‍ ഭക്ഷണം കിട്ടുന്നിടം എന്ന് ബോര്‍ഡ് വെക്കുന്നു. ബോര്‍ഡ് വെക്കാത്ത കടകളുമുണ്ട്. മുസ്ലിങ്ങള്‍ ഒരു പ്രത്യേക വിഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ വിവാദം. ഇത്തരം വിഷയങ്ങള്‍ ക്ഷമയോടും സമാധാനത്തോടുമേ കൈകാര്യം ചെയ്യാവൂ, അദ്ദേഹം ഉപദേശിച്ചു.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം തദ്ദേശീയരും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ചിലര്‍ ഇത് കേള്‍ക്കുമ്പോള്‍ പ്രകോപിതരാകും, എന്നാല്‍, പ്രകോപിതരായിട്ട് കാര്യമില്ല, അന്നത്തെ കോണ്‍ഗ്രസ് നേതാവ് മാധവന് നായരും ഖിലാഫത്ത് സമരത്തില്‍ പങ്കാളിയായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് അടക്കമുള്ളവരും ഈ രീതിയില്‍ മലബാര്‍ സമരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാജേഷ് അവകാശപ്പെട്ടു. മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമരമായിരുന്നുവെന്ന് വരുത്തിതീര്‍ക്കുന്നത് ചരിത്രവിരുദ്ധമാണ്. അഹിംസാധിഷ്ഠിത സമരത്തിന് ആഹ്വാനം ചെയ്ത മഹാത്മാഗാന്ധി നേതൃത്വം നല്കിയ സ്വാതന്ത്ര്യസമരത്തിനിടയില്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം സമരത്തിന് നേതൃത്വം നല്കിയ ഗാന്ധിജി അതിന് ഉത്തരവാദിയാണെന്നതാണോ? രാജേഷ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: