തിരുവനന്തപുരം:വിദ്യാർത്ഥിയെ മര്‍ദ്ദിച്ച ഗുണ്ടാനേതാവ് ഫൈസലിന് ജാമ്യം നല്കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐയെ സസ്പെന്ഡ് ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥിയായ അനസിനെ ഗുണ്ടാ നേതാവ് ഫൈസൽ ഭീകരമായി മർദിച്ചത്. കണിയാപുരം മസ്താൻ മുക്കിൽ വെച്ചായിരുന്നു സംഭവം. ക്രൂരമര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭ്യമാണ്. വധശ്രമ കേസിലെ പ്രതികൂടിയാണ് ഫൈസല്‍. എന്നാല് ഫൈസലിനെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് മംഗലപുരം പോലീസ് ജാമ്യത്തിൽ വിട്ടത്.
ഡി ഐജി സഞ്ജയ് കുമാര്‍ ഗുരുഡാണ് വീഴ്ചയുണ്ടായതിനെതുടര്‍ന്ന് എസ്ഐ തുളസീധരന്‍ നായരെ സസ്‌പെന്‍റ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ഐജി നടപടിയെടുത്തത്. കേസെടുക്കാന്‍ വൈകിയതും പ്രതിയായ ഗുണ്ടാത്തലവനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതിനുമാണ് എസ് ഐയെ സസ്‌പെന്‍റ് ചെയ്തത്.
ഗുണ്ടാ നേതാവ് ഫൈസലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബൈക്കില്‍ വരികയായിരുന്ന അനസിനെ തടഞ്ഞ് നിര്‍ത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. അനസ് എതിർത്തപ്പോള്‍ സംഘം മർദനം തുടങ്ങി. ഗുണ്ടാസംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പറയപ്പെടുന്നു. 15 മിനിറ്റോളം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. അനസിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. സംഭവത്തിന് ശേഷം ഗുണ്ടാനേതാവ് ഫൈസലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ എസ് ഐ വിട്ടയച്ചു. അനസ് പരാതിയുമായി മംഗലപുരം സ്റ്റേഷനെ സമീപിച്ചെങ്കിലും കേസെടുക്കാതെ തിരിച്ചയക്കുകയായിരുന്നു. ഒടുവില്‍ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കുടുങ്ങിയത്. സംഭവം അറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ പിന്നീട് ഗുണ്ടാത്തലവന്‍ ഫൈസലിനെ മര്‍ദ്ദിക്കുകയുണ്ടായി. എന്നാല്‍ ഈ സംഭവത്തില്‍ മംഗലപുരം പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാട്ടുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
എസ്ഐ തുളസീധരൻ നായർക്കെതിരെയാണ് നടപടി.എസ്ഐയ്‌ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: