കോഴിക്കോട്: ഇരുപത്തിയാറാമത് ദേശീയ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടക്കം കുറിച്ചു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആദ്യ മത്സരത്തില്‍ കരുത്തരായ മിസോറാമിനെ നേരിടും. കോഴിക്കോട് കോര്പ്പറേഷന് മൈതാനത്ത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം. സ്വന്തം കാണികളുടെ മുന്നില്‍ ആദ്യകിരീടം ലക്ഷ്യമിട്ട് കൊണ്ടാണ് കേരളത്തിന് കളത്തില്‍ ഇറങ്ങുന്നത്.
പ്രതിരോധത്തിന്റെയും മധ്യനിരയുടെയും കരുത്താണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്നത്. മഞ്ജു ബേബി, ഫെമിനാ രാജ്, അതുല്യ, അഞ്ജിത എന്നിവര്‍ പ്രതിരോധം നയിക്കും. നിഖില, വേദ, കൃഷ്ണപ്രിയ, മാനസ എന്നിവരാണ് മറ്റു കളിക്കാര്‍. ഇന്ത്യന്‍ താരം ഗ്രേസ് ലാല്റാംപരി ഉള്‍പ്പെട്ട ടീമുമായാണ് മിസോറം കളത്തിലിറങ്ങുന്നത്.
മിസോറമിനെക്കാലും കൂടുതല്‍ കരുത്ത് കേരള ടീമിനുണ്ടെന്ന് കോച്ച് അമൃതാ അരവിന്ദ് അഭിപ്രായപ്പെട്ടു. 442 ശൈലിയിലാവും ടീം കളിക്കുക. എതിര് ടീമിന്റെ കളിക്കനുസരിച്ച് തന്ത്രങ്ങളിലും മാറ്റം വരുത്തും. വനിതാ ഫുട്ബോളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ആധിപത്യം കണക്കിലെടുക്കുമ്പോള്‍ മിസോറമിനെ വില കുറച്ചുകാണാനാവില്ലെന്നും കേരളാ കോച്ച് അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ്. കോര്പ്പറേഷന് സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, കലിക്കറ്റ് സര്‍വകലാശാല ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 32 ടീമുകള്‍ 8 ഗ്രൂപ്പുകളിലായി മത്സരിക്കും. ആകെ 55 മത്സരങ്ങളുണ്ടാകും. ഗ്രൂപ്പ് ജി യില്‍ മിസോറം, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഡിസംബര്‍ അഞ്ചന് നാല് വേദികളിലായി നടക്കും. ഇഎംഎസ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ ഏഴിന് സെമി ഫൈനലുകളും ഒമ്പതിന് ഫൈനലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: