ന്യൂദല്‍ഹി: ജനങ്ങളോട് മത അസഹിഷ്ണുത കാണിച്ച മുഗള്‍ ഭരണാധികാരികളെ പുകഴ്‌ത്തിയുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. പകരം പഠിപ്പിക്കേണ്ടത് ഗുരു നാനാക്കിനെയും റാണാ പ്രതാപിനേയും പോലുള്ള ചരിത്ര പുരുഷന്മാരെക്കുറിച്ചാണെന്നും സമിതി നിരീക്ഷിച്ചു. പാഠപുസ്തക പരിഷ്‌കാരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസേബ്, ജഹാംഗീര്‍ എന്നിവര്‍ കാട്ടിയ മത അസഹിഷ്ണുത പാഠഭാഗങ്ങളില്‍ പരാമര്‍ശിക്കണമെന്നും സമിതി നിര്‍ദേശിച്ചു. മതസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സിഖ് ഗുരുക്കന്മാരെക്കുറിച്ച് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം. സിഖ് ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വവും ഉള്‍പ്പെടുത്തണം. മഹാറാണാ പ്രതാപ്, ഭായ് ബിധി ചന്ദ്, ഭായ് പ്രതാപ് ജി, ഭായ് ബച്ചിതര്‍ എന്നീ പോരാളികളെക്കുറിച്ചും എന്‍.സി.ഇ.ആര്‍.ടി, എസ്.സി.ഇ.ആര്‍.ടി. ചരിത്രപുസ്തകങ്ങളില്‍ പ്രതിപാദിക്കണമെന്നും സമിതി ശുപാര്‍ശ നല്‍കി.
മുഗള്‍ ഭരണാധികാരികളും മറ്റ് ഇന്ത്യന്‍ ഭരണാധികാരികലും തമ്മിലുള്ള വ്യത്യാസങ്ങള്‍ പഠിപ്പിക്കണം. ലോക ചരിത്രത്തേക്കാള്‍ പ്രധാന്യം ഇന്ത്യയുടെ ചരിത്രം പഠിക്കാന്‍ നല്‍കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നതിനൊപ്പം ഗുരു നാനാക്കിന്റെ ആത്മീയ സോഷ്യലിസം പഠിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: