ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിന്റെ മുന്‍നിരയിലേക്ക് കയറിവരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയെങ്കിലും വിജയങ്ങള്‍ നേടണം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ കഴിയാതെ പോയ അവര്‍ നാളെ മൂന്നാം അങ്കത്തില്‍ ബെംഗളൂരു എഫ്‌സിയുമായി മാറ്റുരയ്‌ക്കും. ജയിച്ചാലേ ബ്ലാസ്‌റ്റേഴ്‌സിന് മുന്നോട്ടുള്ള പ്രയാണം സുഗമമാകൂ. ബാംബോലിം അത്റ്റലിക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും . സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.
രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. മുന്നിലേക്കുകയറിവരാന്‍ പിഴവുകളില്ലാത്ത ഉജ്ജ്വല പോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തകര്‍ന്നടിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റുമായി ഗോള്‍രഹിത സമനില പിടിച്ചു. എടികെ മോഹന്‍ബഗാനെതിരായ മത്സരത്തില്‍ പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോള്‍ അടിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി.
പിഴവുകള്‍ ഇല്ലാത്ത പ്രതിരോധവും അവസരങ്ങള്‍ ഗോളാക്കിമാറ്റാനുള്ള മിടുക്കും ഉണ്ടെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് വിജയത്തിലേക്ക് പറന്നുകയറാം. എന്നാല്‍ ബെംഗളൂരു എഫ്്‌സിക്ക്് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഐഎസ്എല്ലില്‍ മികച്ച റെക്കോഡാണുള്ളത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നായകനായ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും ഇതുവരെ എട്ട് തവണ ഏറ്റുമുട്ടി . ഇതില്‍ അഞ്ചു തവണയും ബെംഗളൂരുവാണ് വിജയക്കൊടി നാട്ടിയത്. ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത് രണ്ട് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം സമനിലയായി.
ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തൂത്തെറിഞ്ഞ് പുതിയ സീസണില്‍ തുടക്കം ഗംഭീരമാക്കിയ ബെംഗളുരുവിന് പക്ഷെ, രണ്ടാം മത്സരത്തില്‍ മികവ് നിലനിര്‍ത്താനായില്ല. ഒഡീഷ എഫ്‌സിയോടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങി. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുള്ള ബെംഗളൂരു ആറാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: