കൊച്ചി: അടുത്തിടെ വിവിധ പ്രശ്നങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലും ക്രമക്കേടുകളും തെളിവു സഹിതം വ്യക്തമായിട്ടും നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പിന്റെ നീക്കങ്ങളില്‍ ദുരൂഹത.
പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന്റെ വിവാദ ഇടപാടുകള്‍ മുതല്‍ ആലുവയിലെ മോഫിയ എന്ന നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വരെ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റേത്. സിപിഎമ്മിന് അനുകൂലമായി കാര്യങ്ങള്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്തു ചെയ്താലും സംരക്ഷണമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
മോന്സണ് മാവുങ്കലിനെ സഹായിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ഹൈക്കോടതി സംശയം ഉന്നയിച്ചിട്ടും ഇതുവരെയും നടപടിയെടുത്തിട്ടില്ല. കൊച്ചിയില്‍ മുന്‍ മിസ് കേരളയടക്കം മുന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹോട്ടലുടമയും പോലീസും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഹോട്ടലിലെ പാ
ര്‍ട്ടിയില്‍ പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടിയാണു ഹോട്ടല്‍ ഉടമ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോട്ടലുടമ റോയിക്ക് വളരെ പെട്ടെന്ന് ജാമ്യം ലഭിക്കുന്ന തരത്തിലായിരുന്നു പോലീസ് നീക്കം. മരിച്ച പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയപ്പോഴാണ് അന്വേഷണത്തില്‍ നേരിയ മാറ്റം വന്നത്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ആഭ്യന്തരവകുപ്പ്.
തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെയും നടപടിക്കു മടിച്ചു. പെണ്‍കുട്ടി കോടതിയെ സമീപിച്ചു. പിങ്ക് പോലീസ് കുട്ടിയോട് പെരുമാറിയ രീതിയും വിവാദമായിരുന്നു. സംഭവത്തില്‍ ഈ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ ഇരിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഹൈക്കോടതി പറഞ്ഞത്.
പോലീസിന്റെ മോശം പെരുമാറ്റത്തില്‍ മനംനൊന്ത് നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് ആണ് ഒടുവിലത്തെ സംഭവം. ജനരോഷം ശക്തമായപ്പോഴാണ് ആരോപണ വിധേയനായ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന് ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ പോലും ആദ്യം മടിച്ചു. നടപടി വേണമെന്ന ആവശ്യം ശക്തമായപ്പോള്‍ സ്ഥലം മാറ്റാന്‍ മാത്രമാണ് തയ്യാറായത്. മോഫിയയുടെ അച്ഛനമ്മമാര്‍ നേരിട്ടു കണ്ട് പരാതി പറയുന്നതു വരെ മുഖ്യമന്ത്രി നടപടി വൈകിച്ചു.
കാക്കനാട് ഒരു ഫഌറ്റില്‍ നിന്നും കോടികളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ പിടികൂടിയ മുഖ്യ പ്രതിയെ ആദ്യം പറഞ്ഞുവിടുകയും വിവാദമായതിനെ തുടര്‍ന്ന് ഒരു മാസം കഴിഞ്ഞ് അറസ്റ്റു ചെയ്തതും അടുത്തിടെയാണ്.
കേരളത്തിലെ ഭീകരവാദ ശൃംഖലയുമായും പോലീസ് സേനയിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും ആഭ്യന്തരവകുപ്പ് ഗൗരവമായി എടുത്തിട്ടില്ല. പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകികള്‍ സഞ്ചരിച്ച വാഹനം കേരളത്തിന് പുറത്തേക്ക് കടത്തിയതിലും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയമാണുയരുന്നത്.
ലഹരി -മയക്ക്മരുന്ന് ശൃംഖലയുമായി ചില പോലീസുദ്യോഗസ്ഥര്‍ക്കുള്ള ബന്ധം രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയില്ല. ക്വട്ടേഷന്‍, റിയല്‍ എസ്റ്റേറ്റ്, ക്വാറി മാഫിയ എന്നിവയുമായി ബന്ധപ്പെട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തു നിന്നും തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങളുണ്ടായിട്ടും പോലീസ് നടപടിയെടുക്കാന്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: