ഇടുക്കി: സിപിഎം ആഗ്രഹിച്ച രീതിയില്‍ ഫസല്‍ വധക്കേസ് അന്വേഷിക്കാതിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന് കെ. രാധാകൃഷ്ണനെ പിന്തുടര്ന്ന് വേട്ടയാടുകയായിരുന്നു പിണറായി സര്‍ക്കാര്‍. ഡിജിപി തള്ളിയ കീഴുദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പൊക്കിയെടുത്ത് സസ്പെന്ഷന്. താല്‍ക്കാലിക പെന്ഷന് പോലും നല്‍കാതെ പീഡനം. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതികാര നടപടികള്‍ സഹിക്കാനാവാതെ, ഇനി ആത്മഹത്യ ചെയ്യേണ്ടി വരുമെന്നു രാധാകൃഷ്ണന് പരാതി പറഞ്ഞപ്പോള്‍ അതു ചെയ്തോളൂ എന്ന ക്രൂരമായ മറുപടി നല്കിയ മുഖ്യമന്ത്രിയുടെ ചെയ്തികളെക്കുറിച്ച് ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള സിപിഎം നീക്കത്തിന് കൂട്ടുനില്‍ക്കാത്തതോടെയാണ് രാധാകൃഷ്ണനെതിരായി സിപിഎം നീങ്ങിയത്. കൊടിയ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ സാഹചര്യവുമുണ്ടായി.
ഈവര്‍ഷം ഏപ്രില്‍ 30ന് റിട്ടയര്‍ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ദൂതന് വഴി രണ്ട് മെമ്മോ ഒരുമിച്ച് നല്‍കിയാണ് പിണറായി സര്‍ക്കാര്‍ പ്രതികാരം തുടര്‍ന്നത്. ഇതോടെ പെന്‍ഷനും മറ്റ് ആനകൂല്യങ്ങളും ഇല്ലാതായി. താത്ക്കാലിക പെന്‍ഷനും നിഷേധിച്ചു.
മെയ് ഒന്നിന് തന്നെ താല്കാലിക പെന്ഷന് തരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. പതിനഞ്ചു ദിവസത്തിനകം നല്‍കേണ്ട പെന്ഷന് കിട്ടാതെ വന്നതോടെ ജൂലൈ കഴിഞ്ഞപ്പോള്‍ അന്വേഷിച്ചു. അപേക്ഷ കിട്ടിയില്ലെന്നായിരുന്നു മറുപടി. ഓഗസ്ത് 14ന് രജിസ്ട്രേഡ് ലെറ്റര്‍ വഴി വീണ്ടും അയച്ചു, 16ന് അവിടെ ലഭിച്ചു. റിട്ടയര്‍ ചെയ്ത് ഏഴ് മാസം പിന്നിടുമ്പോഴും മെമ്മോ നല്കിയ വിഷയം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ലെന്ന് രാധാകൃഷ്ണന് കുറ്റപ്പെടുത്തി. പ്രശ്നത്തില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് രാധാകൃഷ്ണന്.
2012ല്‍ എക്സൈസ് വകുപ്പില്‍ അഡീ. കമ്മീഷന് എന്‍ഫോഴ്സ്മെന്റായി ഡെപ്യൂട്ടേഷനിലിരിക്കുമ്പോഴും 2015ല്‍ കെഎസ്ഇബി വിജിലന്‍സ് എസ്പിയായിരിക്കുമ്പോഴും രാധാകൃഷ്ണനെതിരെ സിപിഎമ്മിന്റെ ഒത്താശയോടെ കീഴുദ്യോഗസ്ഥര്‍ പരാതികള്‍ നല്കി. ഇതെല്ലാം വ്യാജപരാതികളാണെന്ന് പിന്നീടു കണ്ടെത്തി. 2015ല്‍ അന്നത്തെ ഡിജിപി സെന്‍കുമാറാണ് ഒരു പരാതി തള്ളിയത്.
2016ല്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പ്രതികാര നടപടി തുടങ്ങി. ഐപിഎസ് സെലക്ഷന് അര്‍ഹതയുള്ളവരുടെ ലിസ്റ്റില്‍ നിന്ന് ആദ്യം ഒഴിവാക്കി. അര്‍ഹതയുള്ളതാണെന്ന് കണ്ടെത്തി പിന്നീട് ഉള്‍പ്പെടുത്തി. ഇതറിഞ്ഞതോടെയാണ് പഴയ റിപ്പോര്‍ട്ട് പൊക്കിയെടുത്ത് സസ്പെന്ഷന് നല്‍കുന്നത്. ഇതിന് ശേഷം പത്ത് തവണയോളം സസ്പെന്ഷന് നീട്ടി. നാലര വര്‍ഷത്തോളം സുപ്രീംകോടതിയില്‍ കേസുമായി നടന്ന ശേഷം 2020 ആഗസ്തിലാണ് സര്‍വീസില്‍ തിരിച്ചു കയറിയത്. സര്‍വീസ് റെഗുലറൈസ് ചെയ്ത് തരണമെന്ന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പെന്ഷന് ആനുകൂല്യങ്ങള്‍ പോലും നിരസിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാധാകൃഷ്ണന് ഇപ്പോള്‍. ഇന്നലെ തൃപ്പൂണിത്തുറയില്‍ വെച്ച് ഒരപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതോടെ കൂടുതല്‍ ആശങ്കയിലാണ് രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: