കൊച്ചി : മിസ് കേരളയുൾപ്പെടെ രണ്ട് മോഡലുകള്‍ കൊല്ലപ്പെട്ട വാഹനാപകടത്തിൽ വെള്ളിയാഴ്ച പോലീസ് സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തു. 2019ലെ മിസ് കേരള അന്‍സി കബീര്‍, അന്ന് റണ്ണറപ് ആയ അഞ്ജന ഷാജന്‍ എന്നീ മോഡലുകള്‍ നിശാപാര്‍ട്ടിക്ക് ശേഷം ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ അവരെ ഓഡി കാറില്‍ പിന്തുടരന്നയാളാണ് സൈജു തങ്കച്ചന്‍.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട സൈജു തങ്കച്ചന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്റെ അറസ്റ്റ് വെള്ളിയാഴ്ച പോലീസ് രേഖപ്പെടുത്തിയത്. അനുവാദമില്ലാതെ സ്ത്രീകളെ പിന്തുടല്‍, നരഹത്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് സൈജു തങ്കച്ചന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മരിച്ചവരെ ഓഡി കാറിൽ പിന്തുടർന്ന കാര്യം ഇദ്ദേഹം സമ്മതിച്ചു. അപകടം സംഭവിച്ചത് നേരിട്ട് കണ്ടതായും മൊഴി നൽകി. ഇതേ തുടർന്നായിരുന്നു അറസ്റ്റ്, അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജു തങ്കച്ചനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍ വെച്ച് മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നതില്‍ പ്രധാനിയാണ് സൈജു തങ്കച്ചന്‍ എന്ന് പറയപ്പെടുന്നു.
കേസില്‍ നേരത്തെ അപകടത്തില്‍പ്പെട്ട വാഹനമോടിച്ച മാള സ്വദേശി അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. സൈജു തങ്കച്ചൻ അബ്ദുല്‍ റഹ്മാനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം അബ്ദുൾ റഹ്മാനെയും ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: