തിരുവനന്തപുരം: സംഗീത സംവിധായകന് ബിച്ചു തിരുമലയുടെ മരണത്തില്‍ അനുശോചിച്ച് തെന്നിന്ത്യന്‍ നടന് സ്വരൂപ്. സിനിമ ലോകത്തിനായി നിരവധി നല്ല ഗാനങ്ങളാണ് ബിച്ചു തിരുമല സമ്മാനിച്ചതെന്നും അദേഹം പറഞ്ഞു.
അയര്‍ലണ്ടിലെ വീട്ടില്‍ ആയതിനാല്‍ അവസാനമായി പോയി കാണാന്‍ കഴിയാത്തതില്‍ വേദന ആവോളമുണ്ട്. പ്രത്യേക അനുഭൂതിയാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാവുക. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം എന്റെ പ്രിയ സ്നേഹിതന് സുമന് ബിച്ചുവിന് ഈ വിയോഗം താങ്ങാനുള്ള കരുത്തും, കരിയര്‍ രംഗത്ത് മുടിചൂടാമന്നനായി തിളങ്ങാനും ജഗദീശ്വരന് അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും സ്വരൂപ് പറഞ്ഞു. അയര്‍ലണ്ടില്‍ നിന്നും പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചനം രേഖപെടുത്തിയതോടൊപ്പം ബിച്ചു തിരുമലയുമായുണ്ടായിരുന്ന ആത്മബന്ധവും തെന്നിന്ത്യന്‍ നടന് സ്വരൂപ് ജന്മഭൂമിയുമായി പങ്കു വെച്ചു.
നടന് സ്വരൂപിന്റെ പ്രതികരണത്തില്‍ നിന്ന്:
കുംഭമാസത്തിലെ തിരുവോണം. എന്റെയും ബിച്ചു അങ്കിളിന്റെയും ജന്മദിനം. ബേബിമാമന്റെ ( ലിസ ബേബി/ സ്വാമിനാഥന് പിള്ള) അനുപല്ലവി എന്ന ചിത്രത്തിലെ ‘ഒരേ രാഗ പല്ലവി നമ്മള്’ എന്ന ഗാനം എനിക്കേറെ ഇഷ്ടമാണ്. എന്റെ സുഹൃത് നടന് രമണയുടെ അച്ഛന് വിജയ്ബാബു സാറും,എന്റെ പ്രിയപ്പെട്ട അക്ക ഭവാനിയും അഭിനയിച്ച ഗാനരംഗം. 10 വര്‍ഷം മുന്‍പാണ് ഞാന്‍ ബിച്ചു അങ്കിളിനെ പരിചയപ്പെടുന്നത് അപ്പോള്‍ ബിച്ചു അങ്കിള്‍ പറഞ്ഞു സ്വരൂപ് ഇനി തിരുവനന്തപുരത്തു വരുമ്പോള്‍ മോന് എന്നെ വിളിച്ചാല്‍ മതി എന്റെ വീടും കുടുംബാംഗങ്ങളെയും എല്ലാം കാണാം.
അങ്ങനെയിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് പോകേണ്ട ആവശ്യം വന്നു. തിരുവനന്തപുരത്തു വന്നാല്‍ ഹോട്ടല്‍ ഗീതിലോ ,പങ്കജിലോ ആണ് ഞാന്‍ സാധാരണ താമസിക്കാറുള്ളത്. പഴവങ്ങാടി ഗണപതിയേയും ശ്രീപത്മനാഭനെയും, ആറ്റുകാലമ്മയെയും കണ്ടനുഗ്രഹം വാങ്ങിയ ശേഷം പങ്കജില്‍ വിശ്രമിക്കുന്ന സമയത് ഞാന്‍ ബിച്ചു അങ്കിളിനെ വിളിച്ചു.
ആ സമയത് ബിച്ചു അങ്കിള്‍ സ്ഥിരമായി മസാലദോശ കഴിക്കുന്ന ഒരു റെസ്റ്റോറന്റില്‍ വന്നതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അങ്കിള്‍ പങ്കജിലെത്തി. പങ്കജിന്റെ ലോഞ്ചില്‍ ഇരുന്നു ഞാനും ബിച്ചു അങ്കിളും സംസാരിച്ചു. നേരം വൈകിയതിനാല്‍ ബിച്ചു അങ്കിള്‍ അഡ്രെസ്സ് എഴുതി തന്നു, നാളെ രാവിലെ വീട്ടില്‍ വരണം എന്നും പറഞ്ഞു ബിച്ചു അങ്കിള്‍ തിരിച്ചു പോയി ഞാന്‍ പുറത്തുപോയപ്പോള്‍ ഒരു ഓഡിയോ പ്ലയര്‍ വാങ്ങിയിരുന്നു. എന്റെ കയ്യിലുണ്ടായിരുന്ന പെന്‍ ഡ്രൈവില്‍ കുറെ സോങ്സ് ഉണ്ടായിരുന്നു അതെല്ലാം ഓഡിയോ പ്ലെയറിന്റെ കൂടെ ലഭിച്ച പെന്‍െ്രെഡവിലേക്ക് ഞാന്‍ കോപ്പി ചെയ്തു. പിറ്റേന്ന് രാവിലെ ഒരു ടാക്സി വിളിച്ച് ബിച്ചു അങ്കിളിന്റെ വീട്ടില്‍ പോയി, എന്നെ കണ്ടപ്പോള്‍ തന്നെ ബിച്ചു അങ്കിള്‍ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.
അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ വിളിച്ചു പരിചയപ്പെടുത്തി. ഞാന്‍ ബിച്ചു അങ്കിളിനു ഓഡിയോ പ്ലെയറും പെന്‍െ്രെഡവും സമ്മാനമായി കൊടുത്തു. സന്തോഷത്തോടെ സ്വീകരിച്ച ശേഷം എന്നോട് പറഞ്ഞു മോനെ ആദ്യമായാണ് എനിക്കൊരാള് ഇതുപോലൊരു ഗിഫ്റ്റ് തരുന്നതെന്ന്. സ്വീകരണമുറിയില്‍ ഇരുന്ന് ബിച്ചു അങ്കിളിന്റെ വിശേഷങ്ങള്‍ എല്ലാം കൗതുകപൂര്‍വ്വം കേട്ടു. അപ്പോള്‍ ബിച്ചു അങ്കിള്‍ പറഞ്ഞു സ്വരൂപ് ഇനിയൊരാള്‍ കൂടിയുണ്ട് ഇവിടെ എന്റെ മകന് സുമന് ഇന്നലെ ഒരു റിക്കാര്‍ഡിങ് കഴിഞ്ഞു വൈകിയാണ് വന്നത്, അതിനാല്‍ ഉറങ്ങുകയാണ്.
എന്നോട് സംസാരിക്കുന്നതിനിടയില്‍ ബിച്ചു അങ്കിള്‍ എഴുനേറ്റു മുകളിലെ നിലയിലേക്കുള്ള കോളിങ് ബെല്‍ അമര്‍ത്തി എന്നിട്ടു പറഞ്ഞു ഈ ബെല്‍ അമര്‍ത്തിയാല്‍ സുമന് എഴുനേറ്റു ഫ്രഷായി വന്നോളും, പറഞ്ഞതുപോലെ കുറച്ചു കഴിഞ്ഞപ്പോള്‍ സുമുഖനായ ഒരു യുവാവ് പടികളിറങ്ങി വന്നു, ബിച്ചു അങ്കിള്‍ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. യുവാവ് എനിക്ക് ഹസ്തദാനം നല്കി. സുമന് പിന്നീട് തിരക്കുകളില്‍ മുഴുകി , ഞാനും ബിച്ചു അങ്കിലും ഗാനങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും എനിക്കിഷ്ടപ്പെട്ട ബിച്ചു അങ്കിള്‍ രചിച്ച ഒരേ രാഗ പല്ലവി എന്ന ഗാനത്തെ കുറിച്ചുമെല്ലാം സംസാരിച്ചു .എനിക്കിഷ്ടപ്പെട്ട ഒരു കന്നഡ ഗാനത്തിന് സ്വന്തം കൈപ്പടയില്‍ മലയാള വരികള്‍ എഴുതി തരുകയും ചെയ്തു.
എന്നിട്ടു പറഞ്ഞു ഒരാള്‍ക്കും ഞാന്‍ ഇതുവരെ ഇങ്ങിനെ പെട്ടെന്ന് ഗാനം എഴുതികൊടുത്തിട്ടില്ല , ഞാനും സ്വരൂപും ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നവര്‍ ആയതിനാലും ലിസ ബേബിയേട്ടന്റെ ബന്ധുവായതിനാലും മാത്രമാണ് ഈ ഒരു പരിഗണന. സമയം നട്ടുച്ചയായി, ബിച്ചു അങ്കിള്‍ സ്വരം താഴ്ത്തി എന്നോട് പറഞ്ഞു കുമാരിക്ക് ഇന്ന് നല്ല സുഖമില്ല അതിനാല്‍ ഭക്ഷണമൊന്നും റെഡിയാക്കിയിട്ടില്ല. സുമനും സ്വരൂപും കൂടി പുറത്തുപോയി കഴിച്ചുവരൂ. സുമന് ഇപ്പോള്‍ റെഡിയാവും. ഞാനും കുമാരിയും ഇവിടെ ഉള്ളതെന്തെങ്കിലും കഴിക്കാം. 5 നിമിഷം കഴിഞ്ഞപ്പോള്‍ സുമന് വരുകയും ബിച്ചു അങ്കിളും സുമനും എന്തോ സംസാരിക്കുന്നതും കേട്ടു. പിന്നീട് എനിക്ക് മനസ്സിലായി ഏതെങ്കിലും നല്ല റെസ്റ്റോറന്റില്‍ കൊണ്ടുപോയി സ്വരൂപിന് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കാന്‍ ആണ് പറഞ്ഞതെന്ന്.
സുമനും ഞാനും കാറില്‍ കയറി സുമന് തന്നെയാണ് ഡ്രൈവ് ചെയ്തത്. സുമന് എനിക്കിഷ്ടപ്പെട്ട ഫിഷ് ബിരിയാണി വാങ്ങി തരുകയും ആ യാത്രയില്‍ ഞാനും സുമനും തമ്മില്‍ ഒരു സഹോദര ബന്ധം ഉടലെടുക്കുകയും ചെയ്തു. ഭക്ഷണം കഴിഞ്ഞു വീട്ടിലെത്തി സുമന്റെ മുറിയില്‍ പോയി സുമന് സംഗീത സംവിധാനം നിര്‍വഹിച്ച ചില ഗാനങ്ങള്‍ കേട്ടിരുന്നു. സുമന് നല്ലൊരു സംഗീത സംവിധായകന് തന്നെയാണ്. ഒരുദിവസം അയാളുടേതായി ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരും. സൂര്യന്റെ ശോഭയെ അധികം സമയം മറച്ചു വെക്കാന്‍ കഴിയില്ലല്ലോ. വൈകുന്നേരം ബിച്ചു അങ്കിളിന്റെയും കുമാരി ആന്റിയുടെയും കാല് തൊട്ടു അനുഗ്രഹം വാങ്ങി ഞാന്‍ മടങ്ങി. പിന്നീട് ബിച്ചു അങ്കിള്‍ എന്നെ വിളിച്ചപ്പോള്‍ ആ പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്ന അധിക ഗാനങ്ങളും അദ്ദേഹം രചിച്ചതാണെന്നും ഈ സമ്മാനം ഒത്തിരി സന്തോഷം നല്‍കിയെന്നും പറഞ്ഞു.
ബിച്ചു അങ്കിള്‍ രചിച്ചു സുമന് ബിച്ചു സംഗീത സംവിധാനം നിര്‍വഹിച്ച പാല്‍നൊമ്പരം എന്ന ഗാനം ഞാന്‍ നിര്‍മ്മിച്ച് ശ്വേത മോഹന്‍ പാടിയിരുന്നു. 3 ദിവസം എന്റെ കൂടെ സുമന് മദ്രാസില്‍ ഉണ്ടായിരുന്നു. സംഗീത സംവിധായകന് ശ്യാം അങ്കിളിന്റെ വീട്ടില്‍ സുമന് എന്നെ കൊണ്ടുപോയിരുന്നു. ആ ദിവസങ്ങളില്‍ എനിക്കും സുമനും പരസ്പരം മനസ്സിലായി ഞങ്ങള്‍ തമ്മില്‍ ഒരു കെമിസ്ട്രിഉണ്ടെന്ന്. പിന്നീട് എന്തുകൊണ്ടോ പാല്‍നൊമ്പരം എന്ന മനോഹര ഗാനം ഇതുവരെ വിഷ്വലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി, പല പല തിരക്കുകളുമായി, സുമനോട് പോയി ഇതുവരെ അതിന്റെ ഒറിജിനല്‍ ഞാന്‍ പോയി വാങ്ങിയിട്ടുമില്ല. എന്നെങ്കിലും അത് പൂര്‍ത്തിയാക്കണം എന്നാഗ്രഹമുണ്ടെന്നും സ്വരൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: