തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ എട്ടിനു പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ നവംബര്‍ 30നു മുന്‍പ് അറിയിക്കണമെന്നു ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജയ് എം. കൗള്‍ അറിയിച്ചു. കരട് വോട്ടര്‍ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്സൈറ്റിലും (http://www.ceo.kerala.gov.in/) ബന്ധപ്പെട്ട ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലും വില്ലേജ് ഓഫിസിലും ബി.എല്‍.ഒമാരുടെ കൈവശവും ലഭ്യമാണ്. ഇതു പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കാം.
2022 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഈ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന പൗരന്മാര്ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണു നവംബര്‍ എട്ടിനു കേരളത്തിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
ഏതെങ്കിലും കാരണത്താല്‍ വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കംചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നവംബര്‍ 30 നകം പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലും നവംബര്‍ 28നു സ്പെഷ്യല്‍ ക്യാമ്പയിന് സംഘടിപ്പിക്കും. വോട്ടര്‍മാര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടാകുമെന്നും സി.ഇ.ഒ. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: