കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥയില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ ന്യായീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ ശോചനായാവസ്ഥയ്‌ക്ക് കാരണം മഴയാണെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ളത്തിനായി റോഡുകള്‍ കുഴിച്ചശേഷം അവ നികത്തുന്നില്ലെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
കേരളത്തിലെ ഏറ്റവും ഗതാഗതമുള്ള റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെങ്കിലും ഭൂരിഭാഗം റോഡുകളും വകുപ്പിന് കീഴിലല്ലെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ പരാമര്‍ശിച്ച റോഡുകളില്‍ ഒന്നിന്റെ മാത്രം നിയന്ത്രണമാണ് വകുപ്പിന് കീഴിലുള്ളത്. അധികമായി മഴപെയ്യുന്ന രാജ്യങ്ങളില്‍ എങ്ങനെയാണ് റോഡ് നിര്‍മ്മിക്കുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള മികച്ച റോഡുകള്‍ നിര്‍മിക്കാനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ച് പോവുകയാണ് വേണ്ടതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള റോഡുകള്‍ ടാര്‍ ചെയ്തത് ആറു മാസം കൊണ്ട് തകര്‍ന്ന നിലയിലായെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. റോഡുകള്‍ തകര്‍ന്ന കുറ്റത്തിന് ഇവരെ പ്രതി ചേര്‍ക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ആറു മാസം നന്നായിക്കിടക്കുന്ന റോഡ് അടുത്ത ആറു മാസം തകര്‍ന്ന നിലയിലാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ റോഡിനും ഓരോ ഉദ്യോഗസ്ഥനു ചുമതല കൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കോടതി പരിധി വിട്ട് ഇടപെടുന്നെന്നാണ് കുറ്റപ്പെടുത്തിയത്. അഞ്ചു വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന റോഡുകളുണ്ടാവേണ്ടേ? പകരം ആറു മാസം നിലനില്‍ക്കുന്ന റോഡുകളാണ് നിര്‍മിക്കുന്നത്. കൊച്ചി നഗരസഭയടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള റോഡുകളാണ് തകര്‍ന്നവയിലേറെയുമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു, സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
റോഡില്‍ കുഴിയുണ്ടായാല്‍ ഉടന്‍ നികത്താന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭയുടെ അഭിഭാഷകന്‍ വിശദീകരിച്ചത്. ഇത്തരമൊരു സംവിധാനമുണ്ടാക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ഒരു കുഴി നികത്തുന്നതിനു പകരം ഒരു റോഡ് ഒന്നാകെ നികത്തേണ്ട സ്ഥിതിയായി. നമ്മുടെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്ന് പറഞ്ഞുപറഞ്ഞ് കോടതിക്കുതന്നെ നാണക്കേടായിത്തുടങ്ങി. റോഡ് നന്നാക്കണമെന്ന ഉത്തരവുകള്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മറന്നു. കഴിഞ്ഞ വര്‍ഷം തകര്‍ന്ന റോഡുകള്‍ തന്നെയാണ് ഇത്തവണയും തകര്‍ന്നിട്ടുള്ളത്, ഹൈക്കോടതി പറഞ്ഞു.
റോഡുകള്‍ സഞ്ചാര യോഗ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ്, കൊച്ചി നഗരസഭ, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, നഗരകാര്യ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ വിശദീകരിക്കണം. കൊച്ചി നഗരത്തില്‍ യാത്രാ തടസ്സമുണ്ടാക്കുന്ന കേബിളുകള്‍ നീക്കണം. നടപ്പാതകള്‍ കൈയേറിയുള്ള പാര്‍ക്കിങ് തടയണം. വഴിവിളക്കുകള്‍ തെളിക്കാന്‍ അടിയന്തര നടപടി വേണം, കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: