കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടേയും രവീന്ദ്ര ജഡേജയുടേയും അര്ധസഞ്വറിയുടെ മികവില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 258/ 4 എന്ന നിലയിലെത്തി. 75 റണ്‍സുമായി ശ്രേയസ് അയ്യരും 50 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.
വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു.സെഞ്ച്വറിയിലേക്ക് നീങ്ങുന്ന അയ്യര്‍ 136 പന്തില്‍ 75 റണ്‍സ് നേടി. ഏഴു ഫോറും രണ്ട് സിക്സറും പൊക്കി. ജഡേജ 100 പന്തില്‍ ആറു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ അമ്പത് റണ്‍സും നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം ശോഭനമായില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പതിമൂന്ന് റണ്‍സുമായി കളം വിട്ടു. പേസര്‍ ജാമിസണിന്റെ പന്തില്‍ ബ്ലെന്‍ഡല്‍ ക്യാച്ചെടുത്തു. അഗര്‍വാള്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 21 റണ്‍സ്. വണ്‍ഡൗണായി ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര ഓപ്പണര്‍ ഗുഭ്മാന്‍ ഗില്ലിനൊപ്പം പൊരുതിന്നതോടെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നു. അര്‍ധ സെഞ്ച്വറി കുറിച്ചതിന് പിന്നാലെ ഗില്‍ വീണു . 93 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും അടക്കം 52 റണ്‍സ് കുറിച്ച ഗില്‍ ജാമിസണിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം വിക്കറ്റില്‍ ഗില്ലും പൂജാരയും 61 റണ്‍സ് നേടി. ഗില്ലിന് പുറകെ പൂജാരയും പുറത്തായി. സൗത്തിയുടെ പന്തില്‍ ബ്ലെന്‍ഡലിന് പിടികൊടുത്തു. 26 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം.
പിന്നീട് ക്യാപ്റ്റന്‍ രഹാനെയ്ക്കൊപ്പം ശ്രേയസ് അയ്യര്‍ പൊരുതിനിന്നു. ഒടുവില്‍ രഹാനെ ജാമിസണിന്റെ പന്തില്‍ ക്ലീന്‍ ബൗഡായി. 63 പന്ത് നേരിട്ട രഹാനെ അറു ബൗണ്ടറികളുടെ മികവില്‍ 35 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. നാലാം വിക്കറ്റില്‍ രഹാനെയും അയ്യരും 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനായി പേസര്‍ കെയ്ല്‍ ജാമിസണ് 47 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി 43 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. അതേസമയം സ്പിന്നര്‍മാരായ അജാക്സ് പട്ടേലിനും വില്യം സോമര്വില്ലെയ്ക്കും വിക്കറ്റ് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: