തിരുവന്തപുരം : കേരളത്തിലെ പോലീസ് സ്റ്റേഷനുകളെല്ലാം ജനമൈത്രി സ്റ്റേഷനുകളാക്കണം. ജനങ്ങള്‍ക്ക് ഭീതിയില്ലാതെ സ്റ്റേഷനുകളില്‍ കയറിച്ചെല്ലാനാകണം. ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന് അധ്യക്ഷ പി. സതി ദേവി അറിയിച്ചു.
മോഫിയ പര്‍വീണിന്റെ ആത്മഹത്യയുടമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിഐ സുധീറിനെതിരെ ഇതിനു മുമ്പും നിരവധി കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. സിഐ തെറ്റ് ആവര്‍ത്തിക്കുന്നതായാണ് സമൂഹ മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.
വിഷയത്തില്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകും. മോഫിയ പര്‍വീണ്‍ വിഷയത്തില്‍ നിലവില്‍ വനിത കമ്മീഷന് കേസ് എടുത്തിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണ്. സ്ത്രീവിരുദ്ധമായ സമീപനം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത് പോലീസ് സംവിധാനത്തേയും ബാധിക്കുന്നു. ലിംഗനീതി സംബന്ധിച്ച പരിശീലനം പോലീസുകാര്‍ക്ക് കൊടുക്കണമെന്ന നിര്‍ദേശം കമ്മീഷന് മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
അതിനിടെ മോഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബര്‍ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പോലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ തനിക്ക് സ്റ്റേഷനില്‍ മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ പരാതി അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീറിന്റെ നിലപാട്. നവംബര്‍ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടര്‍ന്ന് 22 ാം തിയതിയാണ് ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിഐ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. സിഐയുടെ മുറിയില്‍ വെച്ച് പെണ്‍കുട്ടി ഭര്‍ത്താവിനെ അടിച്ചു. തുടര്‍ന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതില്‍ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിഐജി നേരിട്ടാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: