തിരുവനന്തപുരം : ചട്ടങ്ങള്‍ മറികടന്ന് കുഞ്ഞിനെ ദത്ത് നല്‍കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമര പരിപാടി തുടരുമെന്ന് അനുപമ. കുഞ്ഞിനെ കോടതി തിരിച്ചു നല്‍കിയെങ്കിലും തന്നില്‍ നിന്നും അവനെ അകറ്റിയവര്‍ക്കെതിരെയുള്ള പോരാട്ടം തുടരും. സമര സമിതിയുമായി കൂടിയാലോചിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അനുപമ പ്രതികരിച്ചു.
കുഞ്ഞ് തന്റേതാണെന്ന് അറിയിച്ചും നിയമങ്ങള്‍ മറികടന്ന് ദത്ത് നല്കിയ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ഇര്ക്കെതിരെയുള്ള തുടര്‍ സമരപരിപാടി സംബന്ധിച്ച് ഇന്ന് പ്രഖ്യാപിക്കും.
കഴിഞ്ഞ മൂന്ന് മാസത്തോളം തന്റെ കുഞ്ഞിനെ സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്ര ദമ്പതിമാര്‍ക്ക് അനുപമ നന്ദി അറിയിച്ചു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. തന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അവര്‍ക്ക് എപ്പോള്‍ വന്നാലും കുഞ്ഞിന കാണാവുന്നതാണെന്നും അനുപമ പറഞ്ഞു.
വിഷയത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞിനെ ദത്ത് നല്കിയതല്ല, തട്ടിയെടുത്ത് കടത്തിയതുതന്നെയെന്ന് സ്ഥിരീകരിച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്.
അനുപമയുടെ അച്ഛന് സിപിഎം നേതാവു കൂടിയായ ജയചന്ദ്രനു വേണ്ടി പാര്‍ട്ടി അറിഞ്ഞ്, സര്‍ക്കാര്‍ ഒത്താശയോടെ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് കുഞ്ഞിനെ നാടുകടത്തിയെന്ന് വ്യക്തമാക്കുന്നതാണ് വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട്. ദത്ത് നല്കി നാലാം നാള് അനുപമ അവകാശവാദമുന്നയിച്ച് എത്തിയിട്ടും നടപടികളുമായി മുന്നോട്ടു പോയെന്നാണ് വനിത ശിശുവികസന ഡയറക്ടറുടെ കണ്ടെത്തല്‍.
അതേസമയം സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആവര്‍ത്തിച്ചു. ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ഷിജു ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ശിശുക്ഷേമ സമിതി എന്തെങ്കിലും തെറ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയിലില്ല.
ബുധനാഴ്ച കുടുംബ കോടതി ദത്തുമായി ബന്ധപ്പെട്ട വിധി പറഞ്ഞു. ആ വിധിയില്‍ സമിതിയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഷിജുഖാന് സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് തിരുത്താന്‍ തയ്യാറായിട്ടില്ല. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കംമുതലുള്ള സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാടെന്നും ആനാവൂര്‍ നാഗപ്പന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: