കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് ഫാരിസ. സ്റ്റേഷനില്‍ മൊഫിയയുടെ ഭര്‍ത്താവ് സുഹൈലിന് വേണ്ടി സംസാരിക്കാന്‍ ഒരു ഡിവൈഎഫ്ഐ നേതാവും എത്തിയിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി ഫാരിസ പറഞ്ഞു. ഇത്തരത്തില്‍ രാഷ്ട്രീയ പിന്തുണ സിഐയ്ക്ക്മുണ്ട്. അതിനാലാണ് അയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുനിനതെന്നും ഫാരിസ കുറ്റപ്പെടുത്തി.
സുഹൈലിന് പിന്തുണയുമായി ഡിവൈഎഫ്ഐ നേതാവ് എത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ എത്തിയ നേതാവിനെക്കുറിച്ച് വലുതായി അവള്‍ക്കറിയില്ല. മകളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്കൊണ്ടും സസ്പെന്ഷന് കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്നും ഫാരിസ പറഞ്ഞു.
യുവതി ആത്മഹത്യാക്കുറിപ്പില്‍ പേരെഴുതിയ സിഐ സി.എല്‍. സുധീറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും ഇയാളെ സസ്പെന്‍ഡ് ചെയ്യാതെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി എന്നാണ് റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറയുന്നത്.
സ്റ്റേഷന് ചുമതലകളില്‍ നിന്ന് സുധീറിനെ നീക്കിയതായി ചൊവ്വാഴ്ച എസ്പി അറിയിച്ചിരുന്നെങ്കിലും സിഐ ഇന്നലെയും ഡ്യൂട്ടിക്കെത്തി. തുടര്‍ന്ന് സ്റ്റേഷന് പരിസരത്ത് ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കം വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെയാണ് മുഖംരക്ഷിക്കല്‍ നടപടിയെന്ന നിലയില്‍ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്.
പോലീസ് വീഴ്ചയെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് എസ്പി കെ. കാര്‍ത്തിക്കിന് ആലുവ ഡിവൈഎസ്പി കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്. കേസ് ഡിസംബര്‍ 27ന് പരിഗണിക്കും. ന്യൂനപക്ഷ കമ്മിഷന് സ്വമേധയാ കേസെടുത്തു.
സുധീറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതുകൊണ്ടാണ് നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങിയതെന്ന് മോഫിയയുടെ പിതാവു പ്രതികരിച്ചു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നേരത്തേയും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീര്‍. ഉത്ര വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടന്നിട്ടുണ്ട്. ഉത്ര കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ കണ്ടെത്തിയിരുന്നു.
ആലുവ സ്റ്റേഷനില്‍ പരാതിയുമായെത്തിയ മറ്റൊരു യുവതിയെ ഇയാള്‍ രാത്രി 12 വരെ സ്റ്റേഷനില്‍ ഇരുത്തിയെന്നും യുവതിയോട് ‘ഇറങ്ങിപ്പോടീ’ എന്ന് ആക്രോശിച്ചെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: