കൊല്ലം: കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അറവുശാല പൂട്ടിയതോടെ നഗരത്തില്‍ അനധികൃത കശാപ്പ് വ്യാപകമാണ്. നഗരത്തില്‍ ഇറച്ചിമാലിന്യങ്ങള്‍ വിവിധയിടങ്ങളില്‍ കുന്നുകൂടുകയാണ്. അഴുക്കുചാലുകളിലും കാടുപിടിച്ചുകിടക്കുന്ന പൊതുയിടങ്ങളിലും അനധികൃത കശാപ്പുശാലകളില്‍ നിന്നുള്ള ഇറച്ചിമാലിന്യങ്ങള്‍ രഹസ്യമായി നിക്ഷേപിക്കുന്നതും പതിവാണ്. പരിശോധനകള്‍ നടത്തേണ്ട ആരോഗ്യസുരക്ഷാ വിഭാഗം കടമ നിര്‍വഹിക്കാതെ കണ്ണടച്ചിരിക്കുകയാണ്.
മാംസം ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല മാംസം കിട്ടാനുള്ള അവസരമാണ് നഗരസഭയുടെ അറവുശാല പൂട്ടിയതോടെ നഷ്ടമായത്. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് കശാപ്പുശാല അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞതോടെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ധാരാളം പേര് എത്തുകയാണ്. നഗരത്തിലെ മാംസപ്രിയര്‍ക്ക് വേണ്ടുന്ന മാംസം പോലും ഇവിടെ ലഭ്യമാകുന്നില്ല. മാംസലഭ്യതയിലെ കുറവ് അതിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ വിലയില്‍ കുറവുണ്ടെങ്കില്‍ അളവിലും കുറവുണ്ടാകും.
നഗരസഭയുടെ അറവുശാല പൂട്ടിയതോടെയാണ് നഗരത്തില്‍ പലയിടത്തും അനധികൃത കശാപ്പുശാലകള്‍ മുളച്ചു പൊന്തിയത്. നല്ല മാംസം വിറ്റിരുന്ന പല വ്യാപാരികളുടെയും കച്ചവടവും നഷ്ടപ്പെട്ടു. അനധികൃത കശാപ്പു നടക്കുന്നത് ആരോഗ്യസുരക്ഷാ വിഭാഗത്തിന് അറിയാമെങ്കിലും ഒരു പരിശോധനയും നടക്കുന്നില്ലെന്നതാണ് വസ്തുത. കൃത്യമായ പരിശോധനകള്‍ നടത്തി ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ മാത്രമെ മാംസവില്‍പ്പന നടത്താവു എന്നാണ് നിയമം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രാദേശികമായും നിരവധി ആടുമാടുകളെയാണ് കശാപ്പിനായി ദിവസവും ഈ കശാപ്പു കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഇവയുടെ മാംസം ഭക്ഷ്യയോഗ്യമാണോയെന്ന പരിശോധനകള്‍ നടക്കുന്നില്ല. ആരോഗ്യം നശിച്ചതും ജീവന് നഷ്ടപ്പെടാറായതുമായ കന്നുകാലികളെയാണ് അനധികൃത അറവുശാലകളില്‍ കശാപ്പിനെത്തിക്കുന്നത് എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: