തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെച്ച് ഇറങ്ങിപ്പോണമെന്ന് രൂക്ഷ വിമര്‍ശനവുമായി നോവലിസ്റ്റ് ബെന്യാമിന്. അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമതിയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി പുറത്തുവന്നിരുന്നു. അതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വിമര്‍ശിച്ചത്.
ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്് എന്നായിരുന്നു ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദത്ത നല്കിയ കുട്ടി തന്റെതാണെന്നും തിരികെ ഏല്‍പ്പിക്കാനും ആവശ്യപ്പെട്ട് അനുപമ ആദ്യം ശിശുക്ഷേമ സമിതിയെയാണ് സമീപിച്ചത്. എന്നാല്‍ നടപടി ഒന്നും സ്വീകരിച്ചില്ലെന്ന് മാത്രമല്ല. സ്ഥിരം ദത്ത് നല്‍കാനുള്ള നടപടികളുമായി ഇവര്‍ മുന്നോട്ട് പോവുകയായിരുന്നെന്നും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഉണ്ടായ വീഴ്ചകള്‍ അക്കമിട്ട് പറയുന്നുണ്ട്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ഷിജുഖാന് ദത്ത് നടപടികള്‍ തുടര്‍ന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിങ് നടത്തിയിട്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എന്‍. സുനന്ദ ദത്തിന് കൂട്ടു നിന്നു. കുഞ്ഞിനെ തട്ടിയെടുത്തതായി പേരൂര്‍ക്കട പോലീസില്‍ അനുപമ പരാതി നല്കി നാല് മാസം കഴിഞ്ഞിട്ടും ജയചന്ദ്രനും കൂട്ടാളികള്‍ക്കും എതിരെ നടപടി ഒന്നും കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
അനുപമയുടെ കുഞ്ഞിനെ തന്നെയാണ് ആന്ധ്രാ ദമ്പതികള്‍ക്ക് കൈമാറിയത് എന്ന ക്രിമിനല്‍ ഗൂഢാലോചന പുറത്തുവരണമെങ്കില്‍ വകുപ്പ് തല അന്വേഷണം മതിയാവില്ലെന്ന് വിലയിരുത്തല്‍. ഏപ്രില്‍ 22 ന് സിറ്റിങ് നടത്തിയിട്ടും ദത്ത് നടപടി തടയാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടില്ല എന്നതിനും തെളിവുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: