കൊച്ചി : ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ ഇന്നും ജോലിക്കെത്തി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ സിഐ സുധീറിനെ ചുമതലകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എംഎല്‍എ അന്‍വര്‍ സാദത്ത് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
സ്റ്റേഷന് ചുമതലകളില്‍ നിന്ന് മാറ്റി സിഐ സുധീറിനെതിരെ നടപടി എടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സിഐ ഇപ്പോഴും തുടരുന്നത്. സ്റ്റേഷന് ചുമതലകളില്‍ മാറ്റിയെന്ന് പറഞ്ഞത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്പെക്ടറിനെ സസ്പെന്‍ഡ് ചെയ്ത് സ്റ്റേഷന് ചുമതലകളില്‍നിന്നു മാറ്റി നിര്‍ത്തി കേസെടുക്കണം. ആത്മഹത്യാക്കുറിപ്പില്‍ ആലുവ സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
എന്നാല്‍ സിഐയെ സ്റ്റേഷന് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും ഉദ്യോഗസ്ഥനെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും റൂറല്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എംഎല്‍എ കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.
മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് സുഹൈലിനേയും മാതാപിതാക്കളേയും ഇന്ന് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ആലുവ ഈസ്റ്റ് സ്റ്റേഷനിലാണ് നിലവില്‍ പ്രതികളുള്ളത്. ഇവിടെ തന്നെയാണ് സി.ഐ സുധീറും ഉള്ളത്. സ്റ്റേഷനിലെത്തിയ ഡിഐജിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രതിഷേധക്കാര്‍ ഒടിച്ചെടുത്തു.
അതിനിടെ സിഐ സുധീര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് മറ്റൊരു യുവതി കൂടി രംഗത്തെത്തി. ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടിവന്ന പീഡനം പരാതിയായി അറിയിച്ചപ്പോള്‍ സിഐ തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ നിന്നിട്ടും നീതി ലഭിച്ചില്ല. യുവതി പരാതി നല്കിയ ദിവസം മോഫിയ പര്‍വീണ്‍ സ്റ്റേഷനിലെത്തിയിരുന്നു. മോഫിയയോട് വലിയ ഒച്ചത്തില്‍ സംസാരിക്കുന്നത് താനും കേട്ടിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: