കൊച്ചി : നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ കോടതി അനുമതി നല്കി. എന്നാല്‍ കേരളം വിട്ടുപോകരുതെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു.
കേസില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നെങ്കിലും മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം വിടരുതെന്നായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ തന്റെ വീട് തിരുവനന്തപുരത്താണെന്നും അവിടെ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും കേരളം വിട്ടുപോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും എന്‍ഫോഴ്സ്മെന്റും കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത് ഉള്‍പ്പെടെ നാല് പ്രതികള്‍ ഇന്ന് ജയിലില്‍ നിന്നുമിറങ്ങും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും.
ഒരു വര്‍ഷത്തിലേറെയായി സരിത് ജയിലാണ്. സ്വര്‍ണ കടത്തിലെ മുഖ്യ ആസൂത്രകന്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന് കൂടിയായ സരിത്താണെന്നാണ് കസ്റ്റംസും എന്‍ഐഎയും കണ്ടെത്തിയത്. സരിത്തിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ സന്ദീപ് നായര്‍ എന്നിവര്‍ നേരത്തെ ജയിലില്‍ നിന്നും ഇറങ്ങി. ഇതോടെ സ്വര്‍ണ കടത്തിലെ പ്രധാന പ്രതികളെല്ലാം ഇപ്പോള്‍ ജയിലിന് പുറത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: