തിരുവനന്തപുരം: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പരമത വിദ്വേഷം പ്രചരിപ്പിക്കരുതെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. തുപ്പിയ ഭക്ഷണമാണ് ഹലാല്‍ എന്നത് വസ്തുതാ വിരുദ്ധമാണ്. അനുവദനീയം എന്നാണ് ഹലാല്‍ എന്നതിന്റെ അര്‍ത്ഥം. അറവ് നടത്തുമ്പോള്‍ ദൈവനാമം ഉരുവിടുക, ഉരുവിന്റെ രക്തം പൂര്‍ണ്ണമായും വാര്‍ന്ന് പോവുക തുടങ്ങിയ മര്യാദകള്‍ പാലി ക്കേണ്ടതുണ്ട്. അതുപോലെ മദ്യം, പന്നിമാംസം എന്നിവയോ, അവ അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളോ മുസ്ലിങ്ങള്‍ക്ക് അനുവദനീയമല്ല. ഈ മര്യാദകള്‍ പാലിച്ചൊരുക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന് മാത്രമേ ഹലാല്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നുള്ളൂ.
ഭക്ഷണത്തിലേക്ക് ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുതെന്നത് പ്രവാചകന്റെ കല്പ്പനയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി ഉറൂസ് ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന പുരോഹിതന് അനാചാരമാണ് ചെയ്തത്. വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ചിത്രങ്ങളെ പൊക്കിപ്പിടിച്ച് തെറ്റായ പ്രചരണം നടത്തുകയാണ് ചിലര്‍. നമ്മുടെ മതസൗഹാര്‍ദ്ദത്തെയും കച്ചവടമേഖലയെയും തകര്‍ക്കുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: