ഇടുക്കി: വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. ഇതിനെ തുടര്‍ന്ന് ഡാമിന്റെ സ്പില്‍വേ ഷര്‍ട്ടര്‍ വീണ്ടും ചൊവ്വാഴ്ച തുറന്നു. വൃഷ്ടി പ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതാണ് ഇതിന് കാരണം.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. നാല് ഷട്ടറുകളാണ് ഉയര്‍ത്തിയത്. വെള്ളിയാഴ്ചയോടെ ഇതില്‍ മൂന്നെണ്ണം അടച്ചിരുന്നു. പിന്നീട് ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ നാലാമത്തെ ഷട്ടറും അടച്ചു. എന്നാല്‍ വീണ്ടും കനത്ത മഴ പെയ്തതോടെ 24 മണിക്കൂറിനുശേഷം അണക്കെട്ടിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറക്കുകയായിരുന്നു. വി3 ഷട്ടറാണ് ഉയര്‍ത്തിയത്. 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അണക്കെട്ട് തുറന്ന നിലവില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ ഡാമിന് സാധിക്കും. എന്നാല്‍ വലിയ രീതിയില്‍ മഴ പെയ്യുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള അനുമതി തമിഴ്നാടിനുണ്ട്. അതനുസരിച്ച് അവര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചുകൊണ്ടായിരിക്കും തുടര്‍ നടപടി കൈക്കൊള്ളുക.
അതേസമയം അണക്കെട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 2300 ഘന അടിയില്‍ നിന്നും 2000 ആക്കി തമിഴ്നാട് കുറച്ചു. തേനിയില്‍ കുറച്ചു ദിവസങ്ങളായി വ്യാപക മഴ തുടരുന്ന സാഹചര്യത്തിലാണ് ജലം കൊണ്ടുപോകുന്നതിന്റെ അളവ് കുറച്ചതെന്നാണ് തമിഴ്നാട് ഇതിനി വിശദീകരണം നല്‍കിയിരിക്കുന്നത്. അതിനിടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിനായി അനുമതി തേടി മുന്‍ ജലവിഭവ മന്ത്രിയും എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് എന്നിവര്‍ അനുമതി തേടിയെങ്കിലും അധികൃതര്‍ അത് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: