സി.പി. മധുസൂദനന്
ജീവിതത്തിന്റെ സമസ്ത മേഖലകളിലും മൂല്യച്യുതി സംഭവിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ധാര്‍മ്മിക മൂല്യങ്ങളുടെ പുനര്‍ജ്ജനിക്കു വേണ്ടി ഭഗവാന് ശ്രീ സത്യസായിബാബ ആവിഷ്കരിച്ച പാഠ്യപദ്ധതിയാണ്. ‘ബാലവികാസ്’. ബാലവികാസിലൂടെ ലോകവികാസ്’ അതായിരിക്കട്ടെ ഭാരതത്തിന്റെ ലക്ഷ്യം.
ഈ ഭൂമിയിലെ ഓരോ ശിശുവിനും നാല് കടങ്ങള്‍ വീട്ടാനുണ്ട്. മാതാവിനോടുള്ള ബഹുമാനം, പിതാവിനോടുള്ള ആദരവ്, അധ്യാപകനോടുള്ള അനുസരണ, ദൈവത്തോടുള്ള ആരാധന. ഇതിനു പുറമേ മറ്റു കുട്ടികളുമായും അന്യ കുടുംബാംഗങ്ങളുമായും സമാധാനത്തിലും സ്നേഹബന്ധത്തിലും ജീവിക്കാന്‍ ഓരോ കുട്ടിയും പഠിക്കണം. അവരെ പഠിപ്പിക്കണം. ഒന്നിച്ചു ചേരലിന്റെ ആനന്ദം വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അവര്‍ അത് ആസ്വദിക്കും. അതിലൂടെ സാമൂഹ്യ സമാധാനത്തിന്റെ വിത്ത് വിതയ്ക്കുകയായിരിക്കും ചെയ്യുന്നത്. ആ വിത്തുകള്‍ സാര്‍വ്വ ലൗകിക സമാധാനമായും ആഗോള വ്യാപകമായ ആനന്ദമായും വളരും.
കുട്ടികള്‍ എല്ലാ മതങ്ങളിലേയും ഏറ്റവും നല്ല ബോധനങ്ങള്‍ പഠിക്കണം. അവ പ്രയോഗത്തില്‍ വരുത്തണം. പൂര്‍ണ്ണമായ അസ്തിത്വത്തോടെ ദൈവത്തിന്റെ നാമം ജപിക്കുക. ആ നാമം പ്രതിനിധീകരിക്കുന്ന ശ്രേഷ്ഠ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുക. കുട്ടികള്‍ സ്വയം പരിശുദ്ധി ഉള്ളവരാകുകയും, ലോകത്തെ പവിത്രമാക്കുകയും ചെയ്യുക.
ഈ നാടിന്റെ പുരാതന സംസ്കാരങ്ങളെ പോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ട ചുമതല വിദ്യാര്‍ത്ഥികളുടേതാണ്. ഭാരതം പ്രേമത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും, ത്യാഗത്തിന്റേയും നാടാണ്. എന്നാല്‍ ഇന്ന് ഭാരതം ഈ അമൂല്യമായ ഗുണങ്ങളുടെ ദാരിദ്ര്യത്താല്‍ പീഢിതമാണ്. സ്നേഹം, സാഹോദര്യം, കരുണ തുടങ്ങിയ ഗുണവിശേഷങ്ങളെ തുടച്ചു മാറ്റിയിരിക്കുന്നു. ഇതിന് പരിഹാരമായി ഈ മഹത്തായ രാഷ്ട്രത്തിന്റെ സംസ്കാരം എന്തെന്ന് പഠിക്കുകയും പരിശീലിക്കുകയും വേണം. ജീവിതത്തിലെ നിര്‍ണ്ണായകമായ വിദ്യാഭ്യാസ കാലഘട്ടം നിഷ്ഫലവും അനിയന്ത്രിതവുമായ സാഹസ കര്‍മ്മങ്ങളിലേര്‍പ്പെട്ട് മറ്റുള്ളവര്‍ക്ക് നാശവും വേദനയും ഉളവാക്കിക്കൊണ്ട് പാഴാക്കരുത്.
രക്ഷിതാക്കളാകണം കുട്ടികളുടെ മാതൃക. കള്ളം പറയുകയും, അന്യരെ അപകീര്‍ത്തിപ്പെടുത്തുകയും ചൂതുകളിക്കുകയും, മദ്യപിക്കുകയും കോപാകുലരായി പെരുമാറുകയുമൊക്കെ ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ ദുഷിച്ച മാതൃകയാണ് കാണിക്കുന്നത്. ഇത്തരം നീച ദൃശ്യങ്ങളും, ഒച്ചപ്പാടും ബഹളങ്ങളും കണ്ടും കേട്ടും പരിചയിച്ച കുട്ടികള്‍ എങ്ങിനെയാണ് ഭാരതത്തിന്റെ നവ സുരഭില കുസുമങ്ങളാകാന് പഠിക്കുക?
കാത്തുസൂക്ഷിക്കാം അനശ്വര മൂല്യങ്ങള്‍
വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ പഠനമാണ് ഏക കര്‍ത്തവ്യമെന്ന് കുട്ടികള്‍ക്ക് തോന്നണം. ക്ലാസു മുറിക്കു പുറത്തെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുക, പുറത്തേക്ക് ഓടി ശ്രദ്ധ വ്യതിചലിപ്പിക്കാതിരിക്കുക. ശാരീരികമായും മാനസികമായും ആത്മീയമായും ബലവാന്മാരാകുക, ഭൂതകാലത്ത് ആര്‍ജ്ജിച്ച വിവേകം ആവുന്നത്ര ഉള്‍ക്കൊള്ളുക, സമൂഹത്തെ സേവിക്കാനായി വൈദഗ്ദ്ധ്യവും വളര്‍ത്തിയെടുക്കുക. കരുണ കൊണ്ട് ആര്‍ദ്രമായ ഹൃദയമാണ് വാസ്തവത്തില്‍ ദൈവത്തിന്റെ ബലിപീഠം. ഒരിക്കല്‍ ആഞ്ജനേയന് മൃതസഞ്ജീവനി ഉള്ള പര്‍വ്വതം ചുവന്നു കൊണ്ടു പോകുമ്പോള്‍ നന്ദി ഗ്രാമത്തിലെ ജനങ്ങള്‍ അതു കണ്ടു. കുരങ്ങന് കുന്നും ചുമന്നു കൊണ്ട് പോകുന്നത് അസാധാരണമായ കാഴ്ചയാണല്ലോ. ഭരതന് ആഞ്ജനേയനെ താഴേക്ക് വരുത്തി കാര്യം അന്വേഷിച്ചു. യുദ്ധത്തില്‍ വീണുപോയ ലക്ഷ്മണനെ രക്ഷിക്കാന്‍ ഔഷധം കൊണ്ടുപോവുകയാണെന്നറിഞ്ഞപ്പോള് ഭരതന് താനൊരു ശരം തൊടുത്ത് പര്‍വ്വതത്തിനു ജീവന് നല്കി ഉടനെ തല്‍സ്ഥാനത്ത് എത്തിക്കാം എന്ന് പറഞ്ഞു. പക്ഷേ ഏതു ശരത്തിനേക്കാളും വേഗം എത്താനുള്ള കഴിവ് തനിക്കുണ്ടെന്നായിരുന്നു ആഞ്ജനേയന്റെ ഉത്തരം. കുട്ടികള്‍ക്ക് സ്വന്തം കഴിവില്‍ ദൃഢവിശ്വാസം വേണം. വിദ്യാഭ്യാസ പുരോഗതിയിലെ ആദ്യത്തെ പടിയായി നിങ്ങള്‍ രക്ഷകര്‍ത്താക്കളെ ബഹുമാനിക്കുകയും, അവരോട് നന്ദിയും സ്നേഹവും ഉള്ളവരാകുകയും ചെയ്യുക. അവരില്‍ കൂടിയാണല്ലോ നിങ്ങള്‍ക്ക് ഭൂമിയിലെ ജീവിതത്തിനുള്ള ഈ അത്ഭുതകരമായ അവസരം കൈവന്നിരിക്കുന്നത്. അവര്‍ സംസ്കാരത്തിന്റെ സൂക്ഷിപ്പുകാരാണ്. നിങ്ങളില്‍ നന്മയും ധര്‍മ്മവും നിവേശിപ്പിച്ച ആദ്യകാല ഗുരുക്കന്മാരുടെ, പുരാതന ആദര്‍ശങ്ങളായ സത്യം, ധര്‍മ്മം, സമത്വം, പ്രേമം ആദിയായവ നിങ്ങള്‍ എപ്പോഴും ഉയര്ത്തിപ്പിടിച്ചിരിക്കണം. പഠിപ്പില്ലാത്ത, രോഗികളായ, കഷ്ടതയനുഭവിക്കുന്ന നിര്ഭാഗ്യവാന്മാരായ സഹോദരീ സഹോദരന്മാര്ക്കായി ഹൃദയത്തില്‍ കാരുണ്യം കരുതി വയ്ക്കുക. അവരുടെ കണ്ണുകള്‍ തുറക്കാനും, അവരുടെ രോഗങ്ങള്‍ മാറ്റാനും, ദുരിതങ്ങള്‍ ശമിപ്പിക്കാനും ആവുന്നത്ര ശ്രമിക്കുക.
വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കേണ്ട ഈ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചിരിക്കുന്ന ഈ പ്രത്യേക കാലഘട്ടത്തില്‍ മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി ഈ അനശ്വര മൂല്യങ്ങള്‍ ‘ബാലവികാസിലൂ’ടെ വേണം കുട്ടികള്‍ക്ക് ലഭിക്കാന്‍. അതിനായിരിക്കട്ടെ ബാലവികാസ് ഗുരുക്കന്മാരുടെയും രക്ഷിതാക്കളുടെയും കഠിന യത്നം. ‘ബാലവികാസിലൂടെ ലോകവികാസ്’ എന്ന സ്വപ്നം സാക്ഷാത്കരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: