കൊല്ലം: അഞ്ചലിൽ അർപ്പിത സ്നേഹാലയം അടച്ചുപൂട്ടാൻ കളക്ടറുടെ ഉത്തരവ്. അന്തേവാസിയായ വയോധികയെ നടത്തിപ്പുകാരൻ മർദിച്ചതിന് പിന്നാലെയാണ് നടപടി. കേന്ദ്രം അടച്ചുപൂട്ടാൻ റവന്യൂ അധികൃതർക്കാണ് നിർദ്ദേശം നൽകിയത്. സ്നേഹാലയത്തിലെ അന്തേവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്നേഹാലയം നടത്തിപ്പുകാരന് എതിരെ മനുഷ്യാവകാശ കമ്മീഷനും പോലീസും സ്വമേധയാ കേസെടുത്തിരുന്നു. പ്രാർഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞാണ് സ്വന്തം അമ്മയെക്കാൾ മുതിർന്ന ഒരു സ്ത്രീയെ സ്ഥാപനത്തിന്റെ മേധാവി അഡ്വ. സജീവൻ ചൂരൽ വടികൊണ്ട് മർദ്ദിച്ചത്. മർദ്ദനത്തിന്റെ വീഡിയോ സ്ഥാപനത്തിലെ തന്നെ മറ്റൊരു ജീവനക്കാരൻ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് അഞ്ചൽ പോലീസ് സ്ഥാപന മേധാവിക്കെതിരെ കേസെടുത്തത്.
ആരോഗ്യസ്ഥിതി തീരെ മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകൾ ഉപയോഗിച്ചുള്ള ശകാരവും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. 20 ലേറെ അന്തേവാസികള്‍ സ്നേഹാലയത്തിലുണ്ട്. താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട മുൻജീവനക്കാരൻ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സ്ഥാപന മേധാവി കൂടിയായ സജീവന്റെ വിശദീകരണം.
ഐപിസി 324 അനുസരിച്ചാണ് സജീവനെതിരെയുള്ള കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: