സാധാരണ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്തതു പോലെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ പെരുമാറുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിട്ടും ഈ ആനുകൂല്യം ജനങ്ങള്‍ക്ക് കൊടുക്കാന്‍ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും ഇങ്ങനെയൊന്ന് സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ധനവില കുറയ്ക്കേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗം ചേര്‍ന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധനവില കുറയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെയും തീരുമാനം. സര്‍ക്കാര്‍ മാത്രമല്ല ഭരണത്തിനു നേതൃത്വം കൊടുക്കുന്ന സിപിഎമ്മും ജനവിരുദ്ധമായാണ് പെരുമാറുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഇപ്പോഴിതാ ഇരുട്ടടിയെന്നോണം ബസ് ചാര്‍ജും കറന്റ് ചാര്‍ജും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ പോവുകയാണെന്ന് നേരത്തെ വാര്‍ത്ത വന്നതാണ്. അതിപ്പോള്‍ ഗതാഗതമന്ത്രി ആന്റണി രാജു തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടൊപ്പം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുകയാണ്. വൈകിട്ട് ആറു മുതല്‍ 10 വരെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുന്ന നടപടിയാവും ഇത്.
ഇന്ധനവില കുറയ്ക്കാതിരിക്കുന്നതും ബസ്സുകളിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതായാലും വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഏര്പ്പെടുത്തുന്നതായാലും സാധാരണക്കാരായ ജനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ദിവസക്കൂലിക്കാരെയും തൊഴിലുറപ്പുകാരെയും തുച്ഛമായ വരുമാനം ലഭിക്കുന്ന മാസവരുമാനക്കാരെയും ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്ധനവില അടിക്കടി വര്‍ധിച്ചതിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പച്ചക്കറികള്‍ക്ക് പല മടങ്ങാണ് വില വര്‍ധിച്ചത്. അത്യാവശ്യ സാധനങ്ങള്‍ കടയില്‍ പോയി വാങ്ങിയാല്‍ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. ഇങ്ങനെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാവുകയാണെന്ന് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് അറിയാത്തതല്ല. പക്ഷേ അവര്‍ക്ക് ഒരുതരത്തിലും ആശ്വാസം ഏകേണ്ടതില്ലെന്നാണ് തീരുമാനം. കാരണം വ്യക്തമാണ്. ജനങ്ങളുടെ വോട്ടു ലഭിക്കേണ്ട തെരഞ്ഞെടുപ്പുകള്‍ അടുത്തെങ്ങുമില്ല. ഇപ്പോള്‍ അവരെ സഹായിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് പിണറായി സര്‍ക്കാര്‍ കരുതുന്നത്. ഇനി നടക്കാനിരിക്കുന്നത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാണ്. അപ്പോള്‍ വീണ്ടും ഭക്ഷ്യക്കിറ്റുമായി രംഗത്തുവന്നാല്‍ അവരെ കബളിപ്പിക്കാം. ഇതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മനസ്സിലിരുപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിച്ചതോടെ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും ഒരു കാര്യം വ്യക്തമായിരിക്കുന്നു. സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിച്ചാല്‍ മാത്രം മതി. പാര്‍ട്ടിയുടെ വോട്ടുകൂടി ഇവര്‍ക്കൊപ്പം ചേര്‍ത്താല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാം. എത്ര ജനദ്രോഹപരമായി പ്രവര്‍ത്തിച്ചാലും മതപരമായ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ചിന്തയാണ് സാധാരണ ജനങ്ങളെ സഹായിക്കേണ്ടതില്ലെന്ന തീര്‍പ്പിലേക്ക് സര്‍ക്കാര്‍ എത്താന്‍ കാരണം. ജനങ്ങളുടെ പേരില്‍ ആണയിടുന്ന സിപിഎമ്മിന്റെ കാപട്യം കൂടിയാണ് ഇവിടെ വെളിപ്പെടുന്നത്.
ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് ജനങ്ങളെ സഹായിക്കേണ്ട സാഹചര്യം വന്നപ്പോള്‍ മലക്കംമറിഞ്ഞത്. ഇതു കേരളമാണെന്ന് നിരന്തരം അവകാശപ്പെടുന്നവര്‍ ഇവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍ കൂട്ടാക്കുന്നില്ല. പട്ടിണി മരണങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടയ്ക്കുന്നു. ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്നില്ല. മൂന്നുനേരവും ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ കേരളത്തില്‍ എത്ര വേണമെങ്കിലുമുണ്ട്. അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാണിക്കുന്നത്. സര്‍ക്കാര്‍ എന്തു തന്നെ ന്യായവാദങ്ങള്‍ ഉന്നയിച്ചാലും അതൊന്നും അംഗീകരിച്ചുകൊടുക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. സര്‍ക്കാരിന്റെ ജനദ്രോഹങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: