ഹൈദരാബാദ്: ആന്ധ്രയില്‍ ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വിജയവാഡ, ഗുണ്ടക്കല്‍ റെയില്‍വേ വിഡിവിഷനുകളുടെ പരിധിയില്‍ നിരവധി സെക്ഷനുകളില്‍ വെള്ളപൊക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.
ഇന്ന്(21.11.21) പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍:
1. 13352 ആലപ്പുഴ – ധന്‍ബാദ് ഡെയ്ലി ബൊക്കാറോ എക്സ്പ്രസ്.
2. 16352 നാഗര്‍കോവില്‍ ജംഗ്ഷന് – മുംബൈ സിഎസ്എംടി ബൈ വീക്കിലി എക്സ്പ്രസ്.
3. 12512 കൊച്ചുവേളി – ഗോരഖ്പൂര്‍ ജംഗ്ഷന് ത്രിവാര രപ്തിസാഗര്‍ എക്സ്പ്രസ്.
4. 17229 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ജംഗ്ഷന് പ്രതിദിന ശബരി എക്സ്പ്രസ്.
5. 18190 എറണാകുളം – ടാറ്റാനഗര്‍ ദ്വൈവാര എക്സ്പ്രസ്.
6. 22620 തിരുനെല്‍വേലി – ബിലാസ്പൂര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ്.
7. 18189 ടാറ്റാനഗര്‍ – എറണാകുളം ദ്വൈവാര എക്സ്പ്രസ്.
ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഈ പ്രദേശങ്ങളിലെ താഴ്ന്ന മേഖലകളിലുള്ള വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടങ്ങള്‍ തകര്‍ന്നും മഴക്കെടുതിയില്‍ മരണം 30 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് ഇപ്പോഴും വെള്ളപ്പൊക്കം രൂക്ഷമാണ്.
15000 ത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിന്റെ സഹായം ഉറപ്പ് നല്കി.
ആനന്ത്പുരില് കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികളടക്കം നാല് പേര് മരിച്ചു. ചിറ്റൂരില്‍ ഒഴുക്കില്‍പ്പെട്ട് ഏഴ് പേര് മരിച്ചു . നന്തല്ലൂരില്‍ 25 പേരെ കാണാതായി. കഡപ്പയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രം എന്നിവയും വെള്ളക്കെട്ടിലാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി. ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: