മണികണ്ഠന്‍ കുറുപ്പത്ത്
ചുമട്ടു തൊഴിലാളിയുടെ വേഷം ജീവിതത്തിന്റെ ഭാഗമായപ്പോഴും അറിയപ്പെടുന്ന സംവിധായകനാകാനുള്ള അഭിനിവേശത്തില്‍ വ്യതസ്തങ്ങളായ നാടകങ്ങള്‍ ഒരുക്കി കഴിവുതെളിയിച്ച ജിന്റോ എന്ന യുവാവ് താന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങാന്‍ പോകുന്നതിന്റെ ആവേശത്തിലാണ്. ലോകത്തിലാദ്യമായി ഒരേ സമയം മൂവായിരം അഭിനേതാക്കളെ ഒരു വേദിയില്‍ അണിനിരത്തി നാടകം സംവിധാനം ചെയ്ത വ്യക്തി കൂടിയാണ് ജിന്റോ തെക്കിനിയത്ത്.
തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ ജിന്റോയുടെ ഉള്ളിലെ കാലാവാസനകള്‍ പുറംലോകം അറിയുന്നത് ഹൈസ്‌കൂള്‍ കാലഘട്ടം മുതലാണ്. മോണോ ആക്ടും, മിമിക്രിയും, നാടകങ്ങളുമായി തുടക്കം. അക്കാലത്തും ചെറിയ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോണോ ആക്റ്റ് പഠിപ്പിച്ചിരുന്നതും ജിന്റോയാണ്.
തൃശൂര്‍ അരിയങ്ങാടിയില്‍ ചുമട്ടു തൊഴിലാളിയായിരുന്ന പിതാവിന് രോഗം ബാധിച്ച് തൊഴില്‍ നിര്‍ത്തേണ്ടി വന്നപ്പോള്‍ കുടുംബ പ്രാരാബ്ധങ്ങള്‍ മൂലം പതിനെട്ടാമത്തെ വയസില്‍ ജിന്റോ ചുമടെടുക്കാന്‍ തുടങ്ങി. ജില്ലയിലെ പ്രധാന അരി, പലചരക്ക് മൊത്ത കച്ചവട കേന്ദ്രമായ അരിയങ്ങാടിയില്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ ലോറിയില്‍ നിന്ന് ചാക്കുകള്‍ ഇറക്കലായിരുന്നു ജോലി. ഇതിനിടയിലും തന്റെ ഭാവനകള്‍ക്ക് നിറംപകരാന്‍ ജിന്റോ ശ്രദ്ധിച്ചിരുന്നു.
എം.ടി യുടെ ‘പള്ളിവാളും കാല്‍ച്ചിലമ്പും ‘, കമലാ സുരയ്യയുടെ ‘കാമപ്രാന്ത് ‘ എന്നിവ മോണോ ആക്റ്റ് രൂപത്തിലാക്കി എഴുതി സംവിധാനം ചെയ്തു. ഗോവിന്ദച്ചാമിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൗമ്യയുടെ അനുഭവങ്ങളെയും മോണോ ആക്റ്റ് രൂപത്തില്‍ എഴുതി സംവിധാനം ചെയ്തതും അരിയങ്ങാടിയിലെ ചുമട്ടു ജോലിക്കിടെയാണ്. ഇവയെല്ലാം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ സംസ്ഥാന കലോത്സവങ്ങളില്‍ പുരസ്‌കാരങ്ങളും നേടി. അക്കാലത്ത് തൃശൂര്‍ ടൗണിലെ മിക്ക സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളെ അഭിനയം പഠിപ്പിക്കുന്ന ചുമതലയും ജിന്റോക്കായിരുന്നു.
ചുമട്ട് തൊഴിലാളിയായതോടെ മാര്‍ക്കറ്റിനുള്ളിലും പുറത്തുമുള്ള നിരവധി സാധാരണക്കാരുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞത് തുടര്‍ന്നുള്ള തന്റെ രചനകളില്‍ പിറവിയെടുത്തിട്ടുണ്ടെന്ന് ജിന്റോ പറയുന്നു.
തന്റേതായ ശൈലിയില്‍ എന്തെങ്കിലും സംവിധാനം ചെയ്യണം എന്ന മോഹവുമായി നടക്കുമ്പോഴാണ് 2010 ല്‍ അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ ഗിവര്‍ഗീസ് പുണ്യാളന്റെ തിരുന്നാളിന് നാടകം ചെയ്യാന്‍ ക്ഷണം ലഭിക്കുന്നത്. നാടകവേദികളില്‍ തന്നെ ആദ്യമായി പുതുമകളോടെ നാട്ടുകാരായ 300 പേരെ അണിനിരത്തി അവതരിപ്പിച്ച സിനിമാറ്റിക് ഡ്രാമയായ ക്രിസ്തുവിന്റെ പടയാളി എന്ന നാടകം തിരക്കഥയെഴുതി സംവിധാനം ചെയ്തത് ജിന്റോയാണ്. ഒരേ സമയം തൊട്ട് ചേര്‍ന്നുള്ള മൂന്ന് സ്റ്റേജുകളിലായിട്ടാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാടകം ഒരുക്കിയത്. വെറും പത്ത് ദിവസം കൊണ്ടാണ് ഇത്രയും പേരെ ജിന്റോ പരിശീലിപ്പിച്ചെടുത്തത്. തൃശൂരിന്റെ നാടക ചരിത്രത്തില്‍ തന്നെ വേറിട്ട ഒരദ്ധ്യായം ഇതോടെ തുറക്കുകയായിരുന്നു.
ഇത് വിജയമായതോടെ കൂടുതല്‍ പേരെ അണിനിരത്തി നാടകം ചെയ്യാന്‍ ജിന്റോ തീരുമാനിച്ചു. തുടര്‍ന്ന് തൃശൂര്‍ പൗരാവലിയുടെയും, നാനാ ജാതി മതസ്ഥരായവരുടെയും ബിഷപ്പുമാരുടെയും സഹകരണത്തോടെ 3000 പേരെ അണിനിരത്തി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൊറോക്കാസ എന്ന സിനിമാറ്റിക് ഡ്രാമ തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ അരങ്ങേറി. ഇതിന്റെ തിരക്കഥയും സംവിധാനവും ജിന്റോ നിര്‍വഹിച്ചു. ഒരേ സമയം 20 സ്റ്റേജിലായി 5000 പേര്‍ക്ക് നാടകം കാണാവുന്ന വിധമാണ് ഒരുക്കിയിരുന്നത്.
കോര്‍പ്പറേഷന്‍ പരിധിയിലെ 9 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, നാടക കലാകാരന്മാര്‍, ചാവക്കാട് പാവറട്ടി മേഖലയിലെ കളരി സംഘാംഗങ്ങള്‍, ഗ്രാമീണ മേഖലയിലെ കലാകാരന്മാര്‍ തുടങ്ങിയവര്‍ ഇതില്‍ വേഷമിട്ടു. സിനിമാ താരങ്ങളായ ശിവജി ഗുരുവായൂര്‍, നിഷാ സാരംഗ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ഒരു വര്‍ഷത്തെ പരിശ്രമത്തിന്റെ ഭാഗമായി മൂന്ന് മാസം നടത്തിയ ചിട്ടയായ പരിശീലനത്തിലാണ് ലോക നാടക ചരിത്രത്തില്‍ തന്നെ ആദ്യമായി ഇത്രയധികം പേര്‍ അഭിനയിച്ച നാടകം ഒരുക്കാന്‍ ജിന്റോക്ക് സാധിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോഡിലേക്ക് നോമിനേഷനും കിട്ടി. എന്നാല്‍ 60 ലക്ഷത്തിലധികം രൂപ നാടകത്തിന് ചിലവ് വന്നതിനാല്‍ ഗിന്നസ് ബുക്ക് റെക്കോഡ് അധികാരികള്‍ക്ക് യാത്രക്കും ചിലവിനുമായി ലക്ഷങ്ങള്‍ വീണ്ടും മുടക്കേണ്ട അവസ്ഥയില്‍ ഇതില്‍ നിന്നും പിന്മാറി.
ക്രിസ്മസിനോട് അനുബന്ധിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന ബോണ്‍ നതാലെ യുടെ പ്രൊസഷന്‍ ഡയറക്ടര്‍ ജിന്റോ ആയിരുന്നു. വിവിധ ഇടവകകളില്‍ നിന്നെത്തിയ ഇരുപതിനായിരത്തോളം വരുന്ന ക്രിസ്മസ് പപ്പാ വേഷധാരികള്‍, ടാബ്ലോ, മാലാഖമാര്‍, ബാന്റ് തുടങ്ങിയവയിലായി പതിനായിരത്തോളം പേരെയും കൃത്യമായ നിര്‍ദേശങ്ങള്‍ കൊടുത്ത് സംവിധായകനെന്ന നിലയിലും ജിന്റോ കഴിവ് തെളിയിച്ചിട്ടുണ്ട്. ആ വര്‍ഷത്തെ ബോണ്‍ നതാലെ വേള്‍ഡ് ഗിന്നസ് ബുക്ക് റെക്കോഡും കരസ്ഥമാക്കി.
ടെലിവിഷന്‍ രംഗത്തും സിനിമയില്‍ ചെറിയ വേഷങ്ങളിലും ജിന്റോ അഭിനയിച്ചിട്ടുണ്ട്. സിനിമക്കായി 12 കഥകള്‍ എഴുതി ഏഴെണ്ണം തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജിന്റോ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച പാക്കി 8 എന്ന ഹിന്ദി ഹ്രസ്വ ചിത്രം ചെന്നൈയില്‍ നടന്ന എവിഎം ഫിലിം ഫെസ്റ്റിലടക്കം 40 പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല ഗ്രാന്റ് പിക്‌സ് എന്ന ചിത്രത്തില്‍ സഹ സംവിധായകനായിട്ടായിരുന്നു സിനിമയിലേക്ക് രംഗപ്രവേശം.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ജിന്റോ . താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആ മുഖങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ടൈറ്റില്‍ റിലീസ് കഴിഞ്ഞു. ബിഗ് ഗാലറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഹൃത്തുക്കളായ 6 പേര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സലീംകുമാര്‍ പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ജിന്റോ ഇപ്പോള്‍ . രണ്ടു പതിറ്റാണ്ടിലധികമായി സംവിധാന രംഗത്ത് സജീവമായിരുന്ന ജിന്റോക്ക് സിനിമാ രംഗത്തും വ്യതസ്തകള്‍ ഒരുക്കി ജനശ്രദ്ധ നേടാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: