അടിയന്തരാസ്ഥ പിന്‍വലിച്ച് ജനതാ പാര്‍ട്ടിയുടെ ഭരണം നിലവില്‍ വരികയും, നാടെങ്ങും പുതിയ ആവേശം അലതല്ലുകയും ചെയ്തുവന്ന സമയമായിരുന്നു 1977 ജൂലൈ ആഗസ്റ്റ് മാസം. ജന്മഭൂമി പത്രത്തിന്റെ പുനഃപ്രസിദ്ധീകരണം എറണാകുളത്തു നിന്നായിരിക്കണമെന്ന് തീരുമാനപ്പെട്ടു കഴിഞ്ഞിരുന്നു. അതിനായി നോര്‍ത്ത് മേല്പ്പാലത്തിനടുത്തു ഒരു സ്ഥലവും കെ.ജി. വാധ്യാരുടെ ഉത്സാഹത്തില്‍ കണ്ടെത്തിയിരുന്നു. പത്രത്തിന് സഹായത്തിനായി ആരെയൊക്കെ സമീപിക്കാമെന്നന്വേഷിക്കാന് ഞാന്‍ മുതിര്‍ന്ന അഭിഭാഷകന് പി. ആര് നമ്പ്യാരെ കാണാന്‍ പോ
യിരുന്നു. സംസാരിച്ചിരിക്കുന്നതിനിടെ ഏതാനും പുതിയ യുവ അഭിഭാഷകര്‍ സംഘത്തോട് അടുത്തുവന്നിട്ടുണ്ടെന്നും, അവരെ പരിചയപ്പെടുത്തിത്തരാമെന്നും അറിയിച്ചു. അടുത്തുതന്നെ ജന്മഭൂമിയുടെ ആഫീസ് തുറന്നു പ്രവര്‍ത്തിക്കുന്ന വേളയില്‍ അവരെ വിളിക്കാം. അക്കൂട്ടത്തില്‍ എം.സി. നമ്പ്യാര്‍ ബിഎംഎസുമായി സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു.
ആ ദിവസം പരിപാടി ആരംഭിക്കുന്നതിനു മുന്‍പു സ്ഥലത്തെത്തിയ ചെറുപ്പക്കാരന് വളരെക്കാലത്തെ വിടവിനു ശേഷം കാണുകയാണെന്നു പറഞ്ഞു വര്‍ത്തമാനം തുടങ്ങി. അദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു സമീപം കണ്ടിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ധര്‍മ്മടത്തെ കാര്യാലയമായി ഉപയോഗിച്ചുവന്ന ഒരു വീട്ടില്‍ അന്തേവാസിയായി പ്രീഡിഗ്രി പഠിക്കുകയായിരുന്നു ചാത്തുക്കുട്ടി നമ്പ്യാര്‍ എന്ന അദ്ദേഹം. വീടിന്റെ ഉടമസ്ഥനായിരുന്ന മുതിര്‍ന്ന സ്വയംസേവകന് സി. ചിന്നേട്ടന്‍ തലശ്ശേരി (പഴയ കോട്ടയം) താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള യുവാക്കള്‍, ബ്രണ്ണന്‍ കോളജില്‍ പഠിക്കാന്‍ വരുന്നവരെ സമ്പര്‍ക്കം ചെയ്തു താമസസൗകര്യം ചെയ്യാറുണ്ടായിരുന്നു. അവിടെ കാക്കേങ്ങാട്, മുഴക്കുന്ന്, ആറളം, പേരാവൂര്‍, ഇരിട്ടി തുടങ്ങിയയിടങ്ങളിലൊക്കെ അവധൂതനെപ്പോലെ സഞ്ചരിച്ച് സംഘത്തിന്റെ വിത്തുപാ
കിയതിന്റെ ശ്രേയസ്സ് അദ്ദേഹത്തിനാണ്. അവിടത്തെ അംശം അധികാരിയുടെ മകന് ധര്‍മടത്ത് വാസസ്ഥാനമൊരുക്കാന്‍ ഏറ്റത് ചിന്നേട്ടനായിരുന്നു. മറ്റു ചില വിദ്യാര്‍ത്ഥികളും അക്കൂട്ടത്തിലുണ്ടായി. അവരില്‍ ബാലകൃഷ്ണന് നമ്പീശന് അഭിഭാഷകനായി തളിപ്പറമ്പില്‍ ദീര്‍ഘകാലം സംഘചാലകനായിരുന്നു. ചാത്തുക്കുട്ടി പ്രസിദ്ധ അഭിഭാഷകനായി സാക്ഷാല്‍ എം.കെ. നമ്പ്യാരുടെ അതേ തറവാട്ടുകാരനായിരുന്നു. ആ പാരമ്പര്യം നിലനിര്‍ത്താന്‍ അദ്ദേഹം നിയമബിരുദമെടുത്തു. സഹധര്‍മിണി ഇ.എസ്.ഐ ആസ്പത്രിയില്‍ ജോലിയായതിനാല്‍ എറണാകുളം നോര്‍ത്തിലെ ക്വാര്‍ട്ടേഴ്സില്‍ താമസമാണ്. ജന്മഭൂമിയില് വച്ചു അദ്ദേഹത്തെ നമ്പ്യാര്‍ജി പരിചയപ്പെടുത്തുമ്പോള്‍ അതായിരുന്നു സ്ഥിതി.
ധര്‍മടത്തു താമസിക്കുമ്പോള്‍ തന്നെ ആഴ്ചയില്‍ ഒരു ദിവസം കോളജ് വിദ്യാര്‍ത്ഥികളുടെ സമാഗമം നടക്കാറുണ്ടായിരുന്നു. മാധവജി ജില്ലാ പ്രചാരകനായി പങ്കെടുത്ത ആ അവസരങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തിയ പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ ആയി. പാട്യം ഗോപാലനെപ്പോലുള്ള പ്രഗത്ഭര്‍ തന്നെ അക്കൂട്ടത്തിലുണ്ടായിരുന്നു.
നമ്പ്യാരുടെ മക്കള്‍ രണ്ടുപേരും അക്കാദമിക കാര്യങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. ഉന്നതനിലവാരത്തില്‍ നിയമബിരുദം നേടി. മകള്‍ രമ ലോകോളജ് പ്രിന്‍സിപ്പാള്‍ ആയി. മകന് രാജേന്ദ്രന് അച്ഛന്റെ പാരമ്പര്യം പിന്തുടരുന്നു.
നോര്ത്തില്തന്നെ അദ്ദേഹം സ്ഥലം വാങ്ങി മനോഹരമായ ഭവനം ‘മൃദംഗശൈലം’ നിര്‍മിച്ചു വാസം അവിടെയാക്കി. കോട്ടയം തമ്പുരാന്റെ ഭരദേവതയായ മുഴക്കുന്നിലമ്മ മൃദംഗ ശൈലേശ്വരി ഇപ്പോള്‍ കേരളത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നു. അവിടത്തെ അമൂല്യമായ ദേവീവിഗ്രഹം കട്ടെടുത്ത തസ്കരന്മാര് തന്നെ അതു പോലീസിനെ തിരിച്ചേല്‍പ്പിച്ച സംഭവമാണ് ഈയിടെ പ്രസിദ്ധമായത്. പ്രസിദ്ധ ആട്ടക്കഥാകാരന്‍ കൂടിയായ കോട്ടയത്തു തമ്പുരാന്റെ ഭരദേവതാ സ്ഥാനമാണത്. ആട്ടക്കഥാകാരന്മാര് എല്ലാം തന്നെ വന്ദനശ്ലോകമായി ആലപിക്കാറുള്ളത് ‘മാതംഗാനന മബ്ജവാസരമണീം’ എന്നുതുടങ്ങി ‘മൃദംഗശൈലനിലയാ ശ്രീപോര്ക്കലിമിഷ്ടഭാം’ എന്ന ശ്ലോകമാണ്. ആ പേര് തന്നെയാണ് എം. സി. നമ്പ്യാരുടെ വീടിന്.
പ്രമേഹ ബാധിതനായ അദ്ദേഹത്തിന് അതില്‍നിന്നു മുക്തിയുണ്ടായില്ല. രണ്ടുകാലുകളും മുറിക്കേണ്ടതായി വന്നു. 2000-ാമാണ്ടില്‍ ഞാന്‍ എറണാകുളത്തു ജന്മഭൂമിയില് നിന്നു വിട്ടശേഷം ഒരിക്കലേ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുള്ളൂ. അദ്ദേഹം മുന്‍പ് ഒരിക്കല്‍ പ്രമോദ് മഹാജന് ആതിഥേയനായിരുന്നു. ബിജെപിയുടെ അഖിലേന്ത്യാ കാര്യദര്‍ശിയായിരുന്ന മഹാജന് എറണാകുളം പരിപാടി കഴിഞ്ഞു മഞ്ചേരിയിലേക്കു പോകേണ്ടിയിരുന്നു. നമ്പ്യാരുടെ വീട്ടില്‍ ഭക്ഷണം കഴിഞ്ഞ് നോര്‍ത്തില്‍നിന്ന് തീവണ്ടിയിലാണ് യാത്ര നിശ്ചയിക്കപ്പെട്ടത്. അനുഗമിക്കേണ്ട ചുമതല എനിക്കായി. അവിടത്തെ ഏതാനും മണിക്കൂറുകള്‍ ഇരുവരും ഭംഗിയായി ആസ്വദിച്ചു.
കഴിഞ്ഞയാഴ്ച എം.സി. നമ്പ്യാര്‍ അന്തരിച്ച വിവരം അനു വിളിച്ചറിയിച്ചപ്പോള്‍ വലിയ ശൂന്യതയാണനുഭവപ്പെട്ടത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി അദ്ദേഹവുമായുള്ള സൗഹൃദം പങ്കിടാന്‍ കഴിയാത്തതിലെ കുറ്റബോധം നന്നായി അലട്ടി. ആറു പതിറ്റാണ്ടിലേറെക്കാലത്തെ അടുത്ത പരിചയത്തോട് കാട്ടിയ അലംഭാവമായി സ്വയം കുറ്റപ്പെടുത്തുകയായിരുന്നു ഞാന്‍.
എം.സി. നമ്പ്യാരുടെ നിര്യാണമറിഞ്ഞതോടൊപ്പം അത്രതന്നെ ഗാഢസുഹൃത്തായിരുന്ന കല്യാട്ട് എ.കെ. രാജഗോപാലന്‍ നമ്പ്യാര്‍ പരലോകം പൂകിയ വിവരം കണ്ണൂരില്‍നിന്ന് എ. ദാമോദരന്‍ അറിയിച്ചു. ഞങ്ങള്‍ക്കിടയിലും അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള അടുപ്പമുണ്ട്. രാജഗോപാലനെയും 1959-60 കാലത്താണ് പരിചയപ്പെട്ടത്. കണ്ണൂര്‍ ജില്ലാ പ്രചാരകനായിരുന്ന വി.പി. ജനാ
ര്ദ്ദനനാണദ്ദേഹത്തെ പരിചയപ്പെടുത്തിയത്. കണ്ണൂര്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലയിലെ ഒരു പീഠഭൂമിപോലെയുള്ള സ്ഥലമാണ് കല്യാട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വലിയ പ്രഭു കുടുംബമാണ്. ടിപ്പുവിന്റെ ആക്രമണത്തിനുശേഷം ഉണ്ടായ മുസ്ലിം പ്രമാണിമാരുടെ അതിക്രമങ്ങളെ അവര്‍ സഫലമായി തടഞ്ഞുനിര്‍ത്തിയ ചരിത്രമുണ്ട്. 1852 ജനുവരിയില്‍ അവരുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍ ഒരു വലിയ ആക്രമണകാരി സംഘത്തെ ഒന്നടങ്കം വകവരുത്തിയ ചരിത്രം ആ തറവാടിനുണ്ട്.
ആ കുടുംബാംഗങ്ങള്‍ എന്നും ഹിന്ദു താല്പര്യങ്ങള്ക്കുവേണ്ടി നിന്നവരാണ്. 1950-60 കളില്‍ അവിടെ ശാഖ തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരായിരുന്നു അംഗങ്ങളധികവും. ജനേട്ടന് അവിടെ ഒരിടമുണ്ടാക്കി, സംഘപ്രവര്‍ത്തനത്തിനു പഴുതുണ്ടാക്കി. അക്കാലത്ത് അവിടെ പോകാന്‍ 6 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറേണ്ടിയിരുന്നു. ആ തറവാട്ടിലെ കുഞ്ഞപ്പ നമ്പ്യാരുടെ മകന് എ.കെ. രാജഗോപാലനാണ് ശാഖ ആറംഭിക്കാന് മുന്നില്‍നിന്നത്. സാക്ഷാല്‍ എ.കെ. ഗോപാലന്റെ ഏറ്റവും അടുത്ത തറവാട്ടംഗമായിരുന്നു രാജഗോപാലന്‍. കുറേ ശ്രമങ്ങള്‍ക്കുശേഷം കല്യാട്ടു ശാഖ രൂപംപ്രാപിച്ചു.
അദ്ദേഹത്തിന്റെ അമ്മാവന് എ.കെ.സി. നമ്പ്യാര്‍ സൈനികോദ്യോഗസ്ഥനായിരുന്നു. ഭാരതീയരെ അധിക്ഷേപിക്കുന്ന ചില മേലുദ്യോഗസ്ഥരുടെ പരാമര്‍ശങ്ങള്‍ക്ക് കൈക്രിയയായിത്തന്നെ മറുപടി നല്‍കിയതിന് കോര്‍ട്ട്മാര്‍ഷല്‍ നേരിടേണ്ടി വന്നെങ്കിലും രാജിവച്ചു രക്ഷപ്പെടാന്‍ സാധിച്ചു. അദ്ദേഹത്തിന് ജനസംഘത്തോടു താല്പര്യമുണ്ടായി. പരമേശ്വര്‍ജിയുടെ ഒരു പ്രസംഗം രാജഗോപാലന്റെ ഉത്സാഹത്തില്‍ കല്യാട്ടുവെയ്ക്കുകയും അതവിടെ അനുകൂലാന്തരീക്ഷമുണ്ടാക്കുകയും ചെയ്തിരുന്നു.
ഏതായാലും രാജഗോപാലന്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും വഴി തുടര്‍ന്നു. ഇരിക്കൂറിനടുത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിന്റെ ഊരാളത്തം കല്യാട്ട് തറവാട്ടിനായിരുന്നു. അതിന്റെ ഭരണം ഏറെ ഉത്തമമായികൊണ്ടു നടന്നു. ഇപ്പോള്‍ ബോര്‍ഡ് പിടിച്ചടക്കി.
രാജഗോപാലന്‍ ജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന എല്ലാ പ്രക്ഷോഭങ്ങളിലും പങ്കെടുത്തിരുന്നു. 1968 ല്‍ മലപ്പുറം ജില്ല മുസ്ലിം ഭൂരിപക്ഷ താലൂക്കുകള്‍ ചേര്‍ത്തു രൂപീകരിക്കാന്‍ ഇഎംഎസിന്റെ സപ്തകക്ഷി മുന്നണി നീക്കം തുടങ്ങിയതിനെതിരായി നടത്തപ്പെട്ട സമരത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. കോഴിക്കോട് കളക്ടറേറ്റിനു മുന്നില്‍ പിക്കറ്റിങ് നടത്തിയായിരുന്നു പ്രത്യക്ഷ സമരം. 1968 ജൂണ്‍ രണ്ടിനാണ് പിക്കറ്റിങ് ആരംഭിച്ചത്. ഓരോ ദിവസം ഓരോ താലൂക്കില്‍നിന്നുള്ള സന്നദ്ധ ഭടന്മാര് എത്തേണ്ടിയിരുന്നു. ഒന്നാം ദിവസം താനൂരില്‍നിന്ന് 104 പേര് പങ്കെടുത്തു. കളക്ടറേറ്റ് കവാടത്തില്‍ പെരുമഴ നനഞ്ഞ് കെ. കേളപ്പന് അവരെ യാത്രയയച്ചു. മൂന്നാം ദിവസം തളിപ്പറമ്പ് താലൂക്കില്‍ നിന്നുള്ള സന്നദ്ധഭടന്‍ എ.കെ. രാജഗോപാലന്റെ നേതൃത്വത്തില്‍ അറസ്റ്റുവരിച്ചു. എ.കെ.ജിയുടെ മരുമകനാണദ്ദേഹമെന്ന് പത്രങ്ങള്‍ പ്രചാരം കൊടുത്തത് ശ്രദ്ധിക്കപ്പെട്ടു.
വളരെ വര്‍ഷങ്ങളായി അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നില്ല. 2019 ല്‍ കണ്ണൂര്‍ ജില്ലയിലെ കൂടാളിയില് നടന്ന സ്വയംസേവക സംഗമത്തില്‍ ഞാനും പങ്കെടുക്കുമെന്നറിഞ്ഞ അദ്ദേഹം എന്നെ കാണാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് നേരത്തെ കത്തയച്ചു. പത്നീ സമേതനായിത്തന്നെ കൂടാളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി. അദ്ദേഹം തീരെ ബലഹീനനായി കാണപ്പെട്ടു. പണ്ടത്തെ ഊര്‍ജസ്വലതയുടെ നിഴല്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. ശാരീരികമായി ബലഹീനതയുണ്ടെങ്കിലും അതീവബുദ്ധിമാനായ മകനെ അടുത്തിരുത്തി സംസാരിച്ചു. ഒരുപാടു കാര്യങ്ങള്‍ അയവിറക്കുവാനുണ്ടായിരുന്നു. അദ്ദേഹം ബുദ്ധിമുട്ടിയാണെങ്കിലും സംഗമത്തിലും വന്നു.
രാജഗോപാലന്‍ വിട്ടുപോയി എന്ന് എ. ദാമോദരന്‍ അതിരാവിലെ അറിയിച്ച്, അല്‍പ്പനേരം കഴിഞ്ഞപ്പോഴാണ് എം.സി. നമ്പ്യാരുടെ വിവരവും അറിഞ്ഞത്. പഴയ കണ്ണൂര്‍ കാലങ്ങള്‍ ഓര്‍ക്കാന്‍ അത് ഇടം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: