റാഞ്ചി: ത്സാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ റെയില്‍വേ ട്രാക്കുകള്‍ക്കു നേരെ മാവോയിസ്റ്റ് ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെ 12.30ഓടെ റിച്ചുഗുട്ടയ്‌ക്കും ഡെമു സ്‌റ്റേഷനും ഇടയിലുള്ള റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടനം നടന്നത്. ഇതേ തുടര്‍ന്ന് ബര്‍കകാന-ഗര്‍ഹ്വ്വ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്തായി പോലീസ് അറിയിച്ചു.
സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റ് സംഘമാണെന്ന് പലാമു റേഞ്ച് പോലീസ് ഡിഐജി രാജ് കുമാര്‍ ലക്ര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികമുള്ള മാവോയിസ്റ്റ് നേതാവ് കിഷന്‍ ദാ എന്ന പ്രശാന്ത് ബോസിനെ ഒരാഴ്ച മുന്നേ ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നിരോധിത സംഘടന ശനിയാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നടന്ന നൂറിലധികം ആക്രമണങ്ങളുടെ പിന്നിലെ സൂത്രധാരനാണ് പ്രശാന്ത് ബോസ്. ഇതാണ് ആക്രമണിത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
റെയില്‍വേ അധികൃതര്‍ ട്രാക്കുകള്‍ നന്നാക്കി വരികയാണെന്ന് ലക്ര പറഞ്ഞു. സെന്‍ട്രല്‍ ഈസ്‌റ്റേണ്‍ റെയില്‍വേയുടെ ധന്‍ബാദ് ഡിവിഷനു കീഴിലുള്ള പലാമു, ഗര്‍വാ, ലത്തേഹാര്‍ ജില്ലകളിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സ്‌ഫോടനത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിഐജി വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ ഡീസല്‍ എന്‍ജിന്റെ ട്രോളി തകര്‍ന്നതായി ഇസിആര്‍ റെയില്‍വേ വക്താവ് പികെ മിശ്ര പറഞ്ഞു. റെയില്‍വേ ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ബര്‍കാക്കാനയിലും ബര്‍വാദിഹില്‍ നിന്നും പ്രത്യേക സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു, അതേസമയം ഡെഹ്‌റി-ഓണ്‍സോണ്‍-ബര്‍വാദിഹ്, ബര്‍വാദി-നെസുബോഗോമോ പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി. മേദിനിനഗറില്‍ നിന്ന് റാഞ്ചിയിലേക്കുള്ള പാസഞ്ചര്‍ ബസുകളുടെ യാത്രയും നിര്‍ത്തിവച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: