ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് റേഷന്‍ ഡിപ്പോ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ സപ്ലൈകോ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. റേഷന്‍ ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന ശൂരനാട് വടക്ക് ആനയടി വില്ലാടസ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ആഡിറ്റോറിയത്തിലാണ് കെട്ടിട വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം നടന്നതായി മൂന്നുദിവസം മുന്‍പ് കണ്ടെത്തിയത്. 5000 സ്ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വലുപ്പമുള്ള കെട്ടിടം 9000 സ്ക്വയര്‍ ഫീറ്റ് ഉണ്ടെന്ന് കാട്ടിയാണ് വാടക ഇനത്തില്‍ ഓരോ മാസവും ലക്ഷക്കണക്കിന് രൂപ കൈമാറിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പള്ളിക്കലാറിന്റെ ഇരുകരകളും വെള്ളത്തിലായിരുന്നു. ആറ്റ് തീരത്തുള്ള റേഷന്‍ ഡിപ്പോയിലും വെള്ളം കയറി. തുടര്‍ന്ന് ഡിപ്പോ സന്ദര്‍ശനത്തിന് എത്തിയ ദക്ഷിണമേഖല റേഷനിങ്ങ് ഡപ്യൂട്ടി കണ്ട്രോളര് അനില്‍ രാജാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തുകയും വിസ്തീര്‍ണ്ണത്തിലെ കൃത്രിമം കണ്ടെത്തുകയും ചെയ്തത്. തുടര്‍ന്ന് ഡിപ്പോ അവിടെ നിന്നും മാറ്റി സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങളിലേക്ക് റേഷന്‍ സാധനങ്ങള്‍ അവിടേക്ക് മാറ്റുകയായിരുന്നു. ഡിപ്പോ മാനേജരും കെട്ടിട ഉടമയും ചേര്‍ന്ന് കൃത്രിമം കാട്ടി കാല് കോടി രൂപയോളം കൈക്കലാക്കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങിയത്. സപ്ലൈകോ വിജിലന്‍സ് യൂണിറ്റ് ഓഫീസര്‍ വി.സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാല്‍ കുറ്റക്കാരനായ ഡിപ്പോ മാനേജര്‍ക്കെതിരെ കഴിഞ്ഞ ദിവസവും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ നേതാവായ ഈ ഉദ്യോഗസ്ഥന് ഉന്നത പദവിയില്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: