കോഴിക്കോട്: 2003ല്‍ മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി ആരംഭിച്ച മാറാട് പ്രത്യേക കോടതിയില്‍ ഇനി വിചാരണകളൊന്നും ബാക്കിയില്ല. ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ഇന്നലെ കുറ്റക്കാരായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഇവര്‍ക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ പതിനേഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഈ കോടതി ചരിത്രത്തിന്റെ ഭാഗമാകും.
2003 മെയ് 2ന് എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്കായി 2004 ജനുവരിയിലാണ് പ്രത്യേക കോടതി എരഞ്ഞിപ്പാലത്ത് തുടങ്ങിയത്. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.ബി. കോശിയാണ് കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യ വിചാരണയില്‍ 25 പ്രതികള്‍ ഹാജരായി. ബാബു മാത്യു പി. ജോസഫ് ആയിരുന്നു ഇവിടെ ആദ്യത്തെ ജഡ്ജി. തുടര്‍ന്ന് പത്ത് ജഡ്ജിമാര്‍ മാറിമാറിയെത്തി.
ഏറ്റവും ഒടുവില്‍ അടുത്തദിവസം മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നീ മാറാട് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത് പത്താമത്തെ ജഡ്ജിയായ കെ.എസ്. അംബിക. അതോടെ പ്രവര്‍ത്തനമവസാനിക്കുന്ന മാറാട് പ്രത്യേക കോടതിയില്‍ നിന്ന് കൊട്ടാരക്കര എസ്‌സി-എസ്ടി സ്‌പെഷല്‍ കോടതിയിലേക്ക് സ്ഥലം മാറുകയാണ് കെ.എസ്. അംബിക.
2002 ലും അഞ്ച് പേരും 2003ല്‍ എട്ടുപേരും കൊല്ലപ്പെട്ട മാറാട്ടെ കേസുകള്‍ പ്രത്യേക കോടതി ആരംഭിക്കുന്നതിന് മുമ്പ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അഞ്ചിലും ജില്ലാ കോടതിയിലുമായിരുന്നു. കേസുകളുടെയും പ്രതികളുടെയും എണ്ണം കൂടിയതിനാലാണ് പ്രത്യേക വിജ്ഞാപന പ്രകാരം മാറാട് സ്‌പെഷല്‍ മജിസ്‌ട്രേറ്റ് കോടതിയും മാറാട് സ്‌പെഷല്‍ സെഷന്‍സ് അഡിഷണല്‍ കോടതിയും തുടങ്ങിയത്. മൊത്തം 146 പ്രതികളാണ് 2003 ലെ മാറാട് കേസിലുള്ളത്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണകളിലൂടെ ഇതില്‍ 86 പേര്‍ക്ക് ശിക്ഷ വിധിച്ചു. ഇത്രയും പ്രതികള്‍ ഉള്‍പ്പെട്ട ഒരു കൊലക്കേസ് കേരളത്തില്‍ വേറെ ഉണ്ടായിട്ടില്ല. മാറാട് പ്രത്യേക കോടതിയുടെ കെട്ടിടം നീതിന്യായ വകുപ്പ് ഇനി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വിജിലന്‍സ് കോടതിക്കും എന്‍ഫോഴ്‌സ്‌മെന്റ് കോടതിക്കും വിട്ടുകിട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: