‘കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ചു.’
‘കര്‍ഷക രോഷത്തിന് മുന്നില്‍ നരേന്ദ്രമോദി കീഴടങ്ങി.’
‘ഇത് രാഹുല്‍ഗാന്ധിയുടെ വിജയം.’
‘പ്രതിപക്ഷത്തിന് കരുത്തു പകരുന്ന കീഴടങ്ങല്‍.’
എന്നിങ്ങനെ മോദി വിരുദ്ധരും,
‘ഒരിക്കലും ബില്‍ പിന്‍വലിക്കരുതായിരുന്നു.’
‘ഇത് കീഴടങ്ങലായി പോയി’
‘മോദിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.’
എന്ന് മോദി അനുകൂലികളും.
ആദ്യത്തെ വിഭാഗം ഉന്മാദാവസ്ഥയിലായിരുന്നു എങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ നിരാശയിലായിരുന്നു.
ഇത് മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ഒരു കൂട്ടം നിരീക്ഷകര്‍ നിഗമനത്തിലെത്തി.
വിവാദമായ കാര്‍ഷിക ബില്ലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്‍വലിച്ചതിന് ശേഷം രാജ്യത്തുണ്ടായ പ്രതികരണങ്ങളെല്ലാം ഏകദേശം ഈ സ്വഭാവത്തിലുള്ളതായിരുന്നു.
അപ്പോഴും എന്തിന് വേണ്ടിയാണ് ബില്ലുകള്‍ ഇപ്പോള്‍ പിന്‍വലിച്ചത് എന്നതിന് മാത്രം കൃത്യമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. പക്ഷേ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തന്നെ അതിനുള്ള മറുപടി ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
‘ ഞാന്‍ ഈ നിയമം കൊണ്ടുവന്നത് കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയായിരുന്നു; ഇപ്പോള്‍ ഇത് പിന്‍വലിക്കുന്നത് രാജ്യ സുരക്ഷയ്‌ക്കായാണ്.’ പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തില്‍ തന്നെ നിയമം പിന്‍വലിച്ചതിന്റെ കാരണമുണ്ട്.
കര്‍ഷക രോഷം ഭയന്നോ പ്രതിഷേധത്തിന്റെ തീവ്രത മൂലമോ അല്ല ഈ പിന്മാറ്റമെന്ന് കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. 2021 ജനുവരി 26 ന് ചെങ്കോട്ടയ്‌ക്ക് നേരെ ഉണ്ടായ അക്രമവും റിപ്പബ്ലിക് പരേഡിലേക്ക് കടന്നു കയറാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളും ആയിരുന്നു ഈ സമരത്തിലെ ഏറ്റവും തീഷ്ണമായ ഭാഗം. അന്ന് ഇല്ലാത്ത ഒരു രോഷവും ഇന്ന് രാജ്യത്തെങ്ങുമില്ല. മാത്രവുമല്ല സമരം അനാവശ്യമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തോടെ പ്രതിഷേധത്തിന്റെ മുനയൊടിയുകയും ചെയ്തു. ആ സാഹചര്യത്തില്‍ കര്‍ഷക രോഷം ഭയന്നാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്ന വാദം വിലപ്പോവില്ല എന്ന് മാത്രമല്ല അടിസ്ഥാന രഹിതവുമാണ്. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടേയും ഉന്മാദാവസ്ഥയ്‌ക്ക് മോദി വിരുദ്ധത എന്നതിനപ്പുറത്തേക്ക് വലിയ പ്രാധാന്യമൊന്നുമില്ല.
പിന്നീടുള്ളത് നിരാശാബോധമാണ്. നരേന്ദ്രമോദിയെപ്പോലെ ദൃഡചിത്തനായ നേതാവില്‍ നിന്ന് ഒരു പിന്മാറ്റ സ്വരം കേട്ടപ്പോഴുണ്ടായ വികാരപ്രകടനം എന്നതിനപ്പുറത്തേക്ക് അതിന് വലിയ രാഷ്‌ട്രീയമാനമൊന്നുമില്ല. പ്രയാണം എന്നത് മുന്നോട്ട് മാത്രമല്ലല്ലോ. റിവേഴ്‌സ് ഗിയര്‍ ഉപയോഗിക്കുന്ന െ്രെഡവര്‍മാര്‍ മോശക്കാരാണ് എന്ന് അഭിപ്രായമുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ക്ക് മോദിയെ കല്ലെറിയാം. ഇനി പ്രതിഷേധം കാരണമാണ് നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത് എന്നാണെങ്കിലും ആയിക്കോട്ടെ. പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാന്‍ നരേന്ദ്രമോദി സ്റ്റാലിന്‍ അല്ലല്ലോ? അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് കമ്മ്യൂണിസത്തെയുമല്ല. അവസാനവരിയില്‍ നില്‍ക്കുന്ന അവസാന ആളെയും കരുതുന്ന ഏകാത്മ മാനവദര്‍ശനമാണ് അദ്ദേഹത്തെ നയിക്കുന്നത്.
യു.പി, പഞ്ചാബ് അടക്കം 5 സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കാരണം സ്വീകരിച്ച തീരുമാനമാണിതെന്നാണ് മറ്റൊരു വാദം. അവര്‍ക്കുള്ള മറുപടി കണക്കുകളാണ്. കര്‍ഷക പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് അസാം നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 ല്‍ 60 സീറ്റും നേടി ബിജെപി മിന്നുന്ന വിജയം കരസ്ഥമാക്കിയത്. പശ്ചിമബംഗാള്‍ നിയമസഭയിലെ ബിജെപി പങ്കാളിത്തം 77 സീറ്റായി ഉയര്‍ത്തിയതും ഇതേ കാലയളവിലാണ്. ചരിത്രത്തില്‍ ആദ്യമായി പുതുച്ചേരിയില്‍ ബിജെപി അധികാരത്തിലെത്തിയതും കര്‍ഷക രോഷം തെരുവില്‍ അലയടിച്ചപ്പോള്‍ തന്നെയാണ്. ഇതുകൂടാതെ ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ജമ്മുകശ്മീര്‍, ലഡാക്ക്, ഹൈദരാബാദ്, അസാം എന്നിവിടങ്ങളിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലും മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, അസാം, കര്‍ണ്ണാടക തെലങ്കാന എന്നിവടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഇക്കാലയളവില്‍ തന്നെ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടിയെന്നത് മറക്കരുത്.
അപ്പോള്‍ നിയമം പിന്‍വലിച്ചതിന് പിന്നില്‍ മറ്റെന്തോ കാരണമാണെന്ന് വ്യക്തം. അതാണ് പ്രധാനമന്ത്രി തന്നെ സൂചിപ്പിച്ച രാഷ്‌ട്ര സുരക്ഷ എന്ന ഘടകം കടന്നു വരുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ച ശേഷം നടത്തിയ പ്രസ്താവന ഇതിനോട് കൂട്ടിവായിക്കണം. ‘പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നും സിദ്ദു രാജ്യ വിരുദ്ധനാണെന്നുമായിരുന്നു ക്യാപ്ടന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ആഭ്യന്തരമന്ത്രിയും ഇതേപ്പറ്റി വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. അമരീന്ദര്‍ കൈമാറിയ വിവരങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു എന്ന് ചുരുക്കം.
ഇതിനു ശേഷം 2021 ഒക്ടോബര്‍ 11 ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഒരു ഉത്തരവ് അതീവ പ്രാധാന്യമുള്ളതായിരുന്നു. അതിര്‍ത്തി രക്ഷാ സേന (ആടഎ) യുടെ അധികാര പരിധി 15 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായി ഉയര്‍ത്തിയ ഉത്തരവ് യാദൃശ്ചികമല്ലായിരുന്നു. സമരത്തില്‍ ഖാലിസ്ഥാന്‍ വാദികളും ഐ.എസ് ഭീകരരും കടന്നു കൂടിയതായുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് തീരുമാനങ്ങളുടെ പ്രാധാന്യം മനസിലാവുക. സമരത്തിനിടെ മോദിക്കും സര്‍ക്കാരിനും എതിരെ മാത്രമല്ല ഭാരതത്തിനെതിരെയും മുദ്രാവാക്യം ഉയര്‍ന്നിരുന്നു എന്നത് പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ഐ.എസ് ഖാലിസ്ഥാന്‍ സഖ്യം എന്നത് ഭാരത്തിന് വലിയ ഭീഷണി ആകുമെന്ന കാര്യം കേന്ദ്രസര്‍!ക്കാരിന് ഉത്തമ ബോധ്യമുണ്ട്.
പഞ്ചാബിലെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം കൂടിയതും ഖാലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കിയതും ഐ.എസ് സ്ലീപ്പര്‍ സെല്ലുകള്‍ പഞ്ചാബിലെ ഗ്രാമങ്ങളില്‍ രൂപീകരിക്കപ്പെട്ടതും എല്ലാം ഇതിനോട് ചേര്‍ത്ത് കാണണം. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന അമേരിക്കന്‍ ആസ്ഥാനമായ നിരോധിത സംഘടന കര്‍ഷക സമരത്തില്‍ വളരെ സജീവമായി പങ്കെടുത്തിരുന്നു. സിഖ് യുവാക്കളെ തീവ്രവാദ വഴിയിലേക്ക് ആകര്‍ഷിക്കാന്‍ സമരത്തിനിടെ പരിശ്രമങ്ങള്‍ നടന്നതായും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സമരം പൂര്‍ണ്ണമായും തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. നാല് വശത്ത് നിന്ന് ഭാരതത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് രാഷ്‌ട്രത്തിനുള്ളില്‍ തന്നെ ഒരു താവളം ഒരുക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ല എന്ന് ചുരുക്കം. ഇവിടെയാണ് മോദിയുടെ രാഷ്‌ട്രതന്ത്രജ്ഞത ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പ്രധാനമെന്ന് ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചു. കര്‍ഷക ബില്‍ നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളേക്കാള്‍ വലുതാണ് രാഷ്‌ട്ര സുരക്ഷ എന്ന തിരിച്ചറിവില്‍ നിന്നാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം പിന്‍വലിച്ചതിലൂടെ കര്‍ഷകര്‍ക്ക് തന്നെയാണ് പ്രധാന നഷ്ടം ഉണ്ടാകുന്നത്. താത്കാലികമായി ബിജെപിക്കും ഇത് നഷ്ടം നല്‍കിയേക്കാം. പക്ഷേ നരേന്ദ്രമോദിയേയും ബിജെപിയേയും നയിക്കുന്നത് രാഷ്‌ട്രീയ താത്പര്യമല്ല രാഷ്‌ട്ര താത്പര്യമാണ്. ചങ്കില്‍ ചൈനയല്ലല്ലോ ഉള്ളത്. ‘പുല്ലായെങ്കിലും ഈ മണ്ണില്‍ പുലരാന്‍ പുണ്യം കിട്ടിയെങ്കില്‍’ എന്ന ചിന്തയുള്ളവരാണ് ഈ രാജ്യം ഭരിക്കുന്നത്.
‘രാഷ്‌ട്രം ആദ്യം, രാഷ്‌ട്രീയം പിന്നീട്, സ്വാര്‍ത്ഥത അവസാനം’ എന്ന ആപ്തവാക്യം സ്വീകരിച്ച പ്രസ്ഥാനത്തിനും അതിന്റെ നേതാവിനും ഇങ്ങനെ അല്ലാതെ ചിന്തിക്കാനുമാവില്ല. അതുകൊണ്ടാണ് രാജ്യത്തോട് ക്ഷമ ചോദിക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടാകാതെ പോയതും.
‘രാഷ്‌ട്രായ സ്വാഹ ഇദം ന: മമ’
പ്രതികരിക്കാൻ ഇവിടെ എഴുതുക: