ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 141 അടിക്ക് മുകളിലേക്ക് എത്തിയതോടെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്റെ വി3, വി4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ നിലവിലെ തുറന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. 40 സെന്റിമീറ്ററില്‍ നിന്നും 80 ആക്കും. റൂള്‍ കമ്മിറ്റി തീരുമാനം ഉടന്‍ ഉണ്ടായേക്കും. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. പമ്പ ത്രിവേണി കരകവിഞ്ഞതിനെ തുടര്‍ന്നാണ് ഇത്.
എന്നാല്‍ കാലാവസ്ഥ അനുകൂലമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ വിട്ടുതുടങ്ങി. അതിനിടെ തമിഴ്നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്നാട്ടിലും ശക്തമായ മഴയാണ് പെയ്യുന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: