കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളും റദ്ദാക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടുള്ള സമ്മിശ്ര പ്രതികരണങ്ങള്‍ സ്വാഭാവികം. ബഹുഭൂരിപക്ഷം കര്‍ഷകരുടെയും ക്ഷേമം മുന്‍നിര്‍ത്തി തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും എന്നാല്‍ ഒരു ചെറിയ വിഭാഗത്തെ ഇക്കാര്യം ബോധപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും തുറന്നുപറഞ്ഞുകൊണ്ടാണ് അധികാരകേന്ദ്രങ്ങളെ അമ്പരപ്പിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
ആറ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ചെയ്ത കാര്യങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞിരിക്കുന്നു. ഒരു ചെറിയ വിഭാഗം കര്‍ഷകരെപ്പോലും ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, അതിനാലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതെന്നും വ്യക്തമാക്കിയതിലൂടെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പിടിവാശിയുമില്ലെന്ന് പ്രധാനമന്ത്രി തെളിയിച്ചിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരുമായി നടത്തിയ ചര്‍ച്ചകളിലും തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താമെന്നും, രണ്ടുവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും പാര്‍ലമെന്റിനകത്തും പുറത്തും സുപ്രീംകോടതിയിലും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
അഭൂതപൂര്‍വ്വമായ പുരോഗതിയാണ് പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന്‍കീഴില്‍ രാജ്യം കൈവരിച്ചത്. അഴിമതിയും സ്വജനപക്ഷപാതവുമില്ലാതെയുള്ള ഭരണത്തിന് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിച്ചു. തങ്ങള്‍ ആറു പതിറ്റാണ്ടുകാലം ഭരിച്ചിട്ടും ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ബിജെപി ഭരണത്തില്‍ ഓരോന്നായി നടപ്പാവുന്നത് കണ്ട കോണ്‍ഗ്രസ്സിന് സമനില തെറ്റി. ജനക്ഷേമ ഭരണത്തിനുള്ള അംഗീകാരമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിക്ക് തുടര്‍ച്ചയായി അധികാരം ലഭിച്ചതില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അസ്വസ്ഥരായി. ഇവരും കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. അഴിമതിരഹിതവും സുതാര്യവുമായി ഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ ജനപിന്തുണ രാജ്യത്തിനകത്തും ആഗോളതലത്തിലും അനുദിനം വര്‍ധിക്കുന്നതുകണ്ട് അമര്‍ഷം പൂണ്ട പ്രതിപക്ഷം അറ്റകൈ പ്രയോഗമായി കര്‍ഷകസമരത്തെ കാണുകയായിരുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് അവതരിപ്പിച്ച ബില്ലില്‍ മുന്നോട്ടുവച്ച ആവശ്യങ്ങളാണ് മോദി സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കിയത്. അതിനെ പിന്തുണയ്ക്കാനുള്ള രാഷ്ട്രീയ മാന്യത കാണിക്കാതെ അന്ധമായി എതിര്‍ത്തുകൊണ്ട് അവസരവാദ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖം കോണ്‍ഗ്രസ് പുറത്തെടുക്കുകയായിരുന്നു. തങ്ങളുടെ കാപട്യം വെളിപ്പെടുമെന്ന് ഭയന്ന് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പാര്‍ലമെന്റിനകത്തും പുറത്തും ശരിയായ ചര്‍ച്ച നടത്താന്‍ പോലും അനുവദിച്ചില്ല. ജനാധിപത്യത്തിന്റെ അന്തസ്സു കെടുത്തുന്നതില്‍ സോണിയയും സീതാറാം യെച്ചൂരിയുമൊക്കെ പരസ്പരം മത്സരിച്ചപ്പോള്‍ ഭരണാധികാരിയാണെന്ന ഉത്തരവാദിത്തം മറന്ന് പിണറായി വിജയനെപ്പോലുള്ളവര്‍ നട്ടെല്ല് പരമാവധി വളച്ച് ഐക്യം പ്രഖ്യാപിച്ചു.
വളരെ നിര്‍ണായകമായ ഒരു തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തിരിക്കുന്നത്. ഒരു വര്‍ഷമായി തുടരുന്ന കര്‍ഷകസമരത്തിന്റെ മറവില്‍ അരങ്ങേറിയത് കേട്ടുകേള്‍വിപോലുമില്ലാത്ത അതിക്രമങ്ങളാണ്. തുടര്‍ച്ചയായ അക്രമങ്ങള്‍, ബലാത്സംഗങ്ങള്‍, പച്ചമനുഷ്യരെ കൈകാലുകള്‍ ഛേദിച്ച് ചുട്ടുകൊല്ലല്‍ എന്നിവയൊക്കെ നടന്നു. റിപ്പബ്ലിക് ദിനത്തില്‍പ്പോലും രാജ്യതലസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടു. ദേശീയപതാകയെ അപമാനിച്ചു. ചെങ്കോട്ടയില്‍ വിഘടനവാദികള്‍ സ്വന്തം പതാകയുയര്‍ത്തി. മറ്റ് തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ചില വിദേശകരങ്ങളുടെ ഒത്താശയോടെ ഒന്നിച്ച് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തി. ഇതിനനുസൃതമായി ശത്രുരാജ്യങ്ങള്‍ കരുക്കള്‍ നീക്കി.
ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട പ്രതിപക്ഷം രാജ്യത്തോട് പകവീട്ടുകയായിരുന്നു. ഇത്തരമൊരു സ്ഥിതിവിശേഷം കണക്കിലെടുത്തുകൊണ്ടുകൂടിയാണ് ഇപ്പോഴത്തെ അന്തരീക്ഷത്തിന് അയവുവരുത്താന്‍ അപ്രതീക്ഷിതമായ ഒരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ ഏതെങ്കിലുമൊരു ആവശ്യം നേടിയെടുക്കുകയെന്നത് കോണ്‍ഗ്രസിന്റെയും മറ്റും ആവശ്യമേയല്ല. സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവും ജനപിന്തുണയോടെ, ജനസമ്മതിയോടെ അധികാരത്തില്‍ തുടരുന്ന മോദിയെ താഴെയിറക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിന് കര്‍ഷകസമരം അനന്തമായി നീണ്ടുപോകണമെന്നു പ്രതിപക്ഷം ആഗ്രഹിച്ചു. ആ മോഹത്തിന്റെ കടയ്ക്കലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം കത്തിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: