അമരാവതി: കനത്ത മഴ മൂലമുണ്ടായ ഒഴുക്കില്‍പ്പെട്ട് ആന്ധ്രപ്രദേശിലെ കടപ്പയില്‍ മൂന്ന് ബസുകള്‍ ഒലിച്ചുപോയി യാത്രക്കാരായ 12 പേര് മരിച്ചു. 18 പേരെ കാണാതായി. കടപ്പയിലെ മണ്ടപ്പള്ളി വില്ലേജിലാണ് സര്‍ക്കാര്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്തുടങ്ങിയ ബസുകളുടെ മുകളില്‍ കയറിയാണ് ആളുകള്‍ രക്ഷപെട്ടത്. മണ്ടപ്പള്ളി, നന്ദലൂരു, അക്കേപ്പാടു മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്.
നാടല്ലൂരിനടുത്ത് കുടുങ്ങിയ ബസിനുള്ളില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഏഴ് പേരുടെ മൃതദേഹം ഗുണ്ടുലൂരുവില്‍ നിന്നും രണ്ട് മൃതദേഹം രയവരം മേഖലയില്‍ നിന്നുമാണ് കണ്ടെത്തിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കടപ്പയില്‍ കനത്ത മഴയേത്തുടര്‍ന്ന് ചേയോരു നദി കരകവിഞ്ഞൊഴുകുന്നു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
തിരുപ്പതിയില്‍ കനത്ത മഴയെത്തുടര്‍വന്ന് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ അടച്ചത്.
കനത്ത മഴയെത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടു. മഴ കുറഞ്ഞതിനെത്തുടര്‍ന്നാണ് നേരത്തെ അടച്ച രണ്ട് റോഡുകളില്‍ ഒരെണ്ണം തുറന്നത്. ഇതിലൂടെ കുടുങ്ങിക്കിടക്കുന്ന ഭക്തരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി.
തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല ഗ്രാമങ്ങളിലും വീടുകളില്‍ വെള്ളംകയറി. വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു.
അനന്ത്പുര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ദക്ഷിണ ചെന്നൈ തീരം കടന്ന ന്യൂനമര്‍ദ്ദം അനന്ത്പുര്‍- ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മേഖലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: