തിരുവനന്തപുരം: കെഎസ് ആര്‍ടിസിയുടെ കാലഹരണപ്പെട്ട സൂപ്പര്‍ ക്ലാസ് ബസുകള്‍ മാറ്റുന്നതിനായി ലക്ഷ്വറി ക്ലാസും പുതിയായി ആരംഭിക്കുന്ന ഗ്രാമവണ്ടിക്കായി ഡ്രൈ ലീസ് വ്യവസ്ഥയില്‍ ബസുകള്‍ വാടകയ്‌ക്ക് എടുക്കുന്നതിന് കരാര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ 250 ബസുകളാണ് ഇത്തരത്തില്‍ എടുക്കുന്നത്. ബസുകള്‍ വാടകയ്‌ക്ക് എടുക്കാനുള്ള നീക്കം അഴിമതിക്കും സ്വകാര്യവത്ക്കരണത്തിനുമാണെന്ന് യൂണിയനുകള്‍ ആരോപിച്ചു.
പ്രീമിയം ക്ലാസ് ലക്ഷ്വറി എസി ബസുകള്‍ (10 എണ്ണം), എസി സെമി സ്ലീപ്പര്‍ ബസ് (20), നോണ്‍ എസി എയര്‍ സസ്പെന്‍ഷന്‍ ബസ് ( 20 ), നോണ്‍ എസി മിഡി ബസ് (ഫ്രണ്ട് എഞ്ചിന്‍, 100) നോണ്‍ എസി മിഡി ബസ് (100). ഇത്രയും ബസുകള്‍ക്കാണ് ദര്‍ഘാസ് ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 26ന് ഉച്ചയ്ക്ക് 3 മണിവരെ ഓണ്‍ലൈനായി ടെണ്ടര്‍ സമര്‍പ്പിക്കാം.
കരാറില്‍ ഏര്‍പ്പെടുന്നവര്‍ ഡ്രൈവറും കണ്ടക്ടറുമില്ലാതെ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് നല്‍കണം. ദര്‍ഘാസില്‍ പങ്കെടുക്കുന്ന ഒരാള്‍ മിനിമം 10 ബസുകളെങ്കിലും നല്‍കണം. എന്നാല്‍ 10ന് മുകളില്‍ എത്ര ബസുകള്‍ വേണമെങ്കിലും നല്‍കാം. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ ആയിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. കരാറില്‍ ഏര്‍പ്പെട്ട് സര്‍വീസുകള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ ബസുകള്‍ സര്‍വീസ് കഴിഞ്ഞ് ഡിപ്പോകളില്‍ എത്തുമ്പോള്‍ അതത് ദിവസം തന്നെ കരാറുകാരുടെ പ്രതിനിധിക്ക് ബസിന് കേടുപാടുകള്‍ ഉണ്ടോ എന്ന് നോക്കി റിപ്പോര്‍ട്ട് ചെയ്യാം. അങ്ങനെ അറിയിക്കാത്ത പക്ഷം പിന്നീട് ഉന്നയിക്കുന്ന കേടുപാടുകള്‍ക്ക് കെഎസ്ആര്‍ടിസി ഉത്തരവാദിയായിരിക്കില്ലെന്നും ടെണ്ടര്‍ പരസ്യത്തില്‍ പറയുന്നു.
ഓരോ ദിവസവും സര്‍വീസ് നടത്തുന്ന കിലോമീറ്ററിന്റെ 75 ശതമാനം തുക അതത് ദിവസം തന്നെ ബസുടമയ്‌ക്ക് നല്‍കും. ബാക്കിയുള്ള തുക 15 ദിവസം കൂടുമ്പോള്‍ ബില്‍ നല്‍കുന്ന മുറയ്‌ക്ക് നല്‍കുകയും ചെയ്യും. സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്ക് എടുക്കാനുള്ള നീക്കം വലിയ അഴിമതിയും സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കവുമാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആരോപിച്ചു. സഹകരണബാങ്കുകളുടെയും സഖാക്കളുടെയും സമാന്തര വാഹന ലോബിയുടെയും വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് കെഎസ്ആര്‍ടിസിയെ പാര്‍ട്ടി നേതാക്കളുടെ ബിനാമികള്‍ക്ക് അടിയറ വയ്‌ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: