വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരോ അവരെ ഇളക്കിവിട്ട പ്രതിപക്ഷ കക്ഷികളോ ഇത്തരമൊരു കാര്യം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അടുത്തു നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബഹുജന വിഷയമായി കര്‍ഷകപ്രശ്നം ഉയര്‍ത്തി നേട്ടം കൊയ്യാനാകും എന്ന സ്വപ്നലോകത്തായിരുന്നു പലരും. അവര്‍ക്കേറ്റ രാഷ്ട്രീയ അടിയാണ് നിയമങ്ങള്‍ നടപ്പിലാക്കുന്നില്ല എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കീര്‍ത്തിയടിച്ചെടുക്കാന്‍ പലരും രംഗത്തു വന്നുകഴിഞ്ഞു. കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പരിണിതഫലമാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം എന്നുപോലും വ്യാഖ്യാനിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ കര്‍ഷക നന്മക്കുവേണ്ടി ഉള്ളതായിരുന്നു എന്നതില്‍ സര്‍ക്കാറിനോ പ്രധാനമന്ത്രിക്കോ സംശയമില്ല. ഭൂരിപക്ഷം വരുന്ന കര്‍ഷകരും നിയമത്തെ അനുകൂലിച്ചു. നിയമങ്ങളുടെ ഗുണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെ ഒരു വിഭാഗം കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തു വന്നു. അവര്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്പര്യക്കാരുടെ നിരയുള്ളത് പൊതുജന സമക്ഷം ബോധ്യപ്പെടുകയും ചെയ്തു. ജനാധിപത്യ രാജ്യമെന്ന നിലയിലും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരെന്ന നിലയിലും സമരത്തെ കാണാതിരിക്കാനാവില്ല. അതിനാലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് ബിജെപി പറയുന്നതില്‍ കാര്യമുണ്ട്. കാരണം നിയമം നടപ്പിലാക്കിയേ പറ്റൂ എന്ന് സര്‍ക്കാറോ ബിജെപിയോ ഒരിക്കലും വാശി പിടിച്ചിട്ടില്ല എന്നതു തന്നെ.
ബില്ലുകള്‍ക്കെതിരെ സമരത്തിനിറങ്ങിയവരോട് 11 തവണ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ തന്നെ കടുംപിടുത്തത്തിനില്ല എന്നതിന്റെ നേരായ തെളിവായിരുന്നു. നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തയാറാണെന്ന നിലപാടിലേക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ എത്തിയിരുന്നു. നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്കു മരവിപ്പിക്കാന്‍ കേന്ദ്രം സന്നദ്ധതയും അറിയിച്ചു. താങ്ങുവില, തര്‍ക്ക പരിഹാര സംവിധാനം തുടങ്ങിയവയ്ക്കുളള ഉറപ്പുകള്‍ എഴുതിനല്‍കാമെന്നു സര്‍ക്കാര്‍ പറഞ്ഞു. നിയമങ്ങളിലെ പോരായ്മകള്‍ പരിശോധിക്കാന്‍ സമിതിയെ വയ്ക്കാമെന്നും സമ്മതിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുംവരെ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കേന്ദ്രം അറിയിച്ചു. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ നിയമം നടപ്പിലാക്കേണ്ട എന്ന തീരുമാനം. അതിനപ്പുറം വെച്ചുകെട്ടിയതിലോന്നും പ്രസക്തിയില്ല.
കര്‍ഷക സംഘടനകളും സമരവീര്യത്തിനു മുന്നിലാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുന്നത്, പ്രതിപക്ഷ വിജയം, മോദി സര്‍ക്കാറിനേറ്റ വലിയ തിരിച്ചടി എന്നൊക്കെ മൈക്ക് കെട്ടി വിളിച്ചു പറയാം. അതായിരുന്നു സത്യമെങ്കില്‍ പ്രക്ഷോഭം കത്തിനിന്നപ്പോള്‍ പിന്‍വലിക്കണമായിരുന്നു. കര്‍ഷകരുടെ പേരില്‍ നടക്കുന്ന സമരത്തിന്റെ ഗ്യാസ് പോയപ്പോളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നതിനാല്‍ സമരവിജയമായി കാണാനാവില്ല.
കര്‍ഷകരുടെ പേരില്‍ സമരം നടത്തി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമെന്ന് വരുത്താനുള്ള ശ്രമത്തിനേറ്റ തിരിച്ചടികൂടിയാണ് പുതിയ നീക്കം. കര്‍ഷകര്‍ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത് എന്നതില്‍ കര്‍ഷകര്‍ക്കാര്‍ക്കും സംശയമില്ല. കര്‍ഷകര്‍ക്ക് സഹായകമായ പെന്ഷന് പദ്ധതികള്‍ പ്രഖ്യാപിച്ചു, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അഞ്ച് തവണയാണ് ഉയര്‍ത്തിയത്. കൂടാതെ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി. കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം തുടങ്ങിയവ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. വിവാദങ്ങള്‍ക്ക് വിരാമം ഇടുകയെന്ന തന്ത്രം കൂടിയാണ് കര്‍ഷകരുടെ ഉന്നമനത്തിന് പ്രാധാന്യം നല്കി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: