കേപ്ടൗണ്‍: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ഈ പ്രഖ്യാപനത്തോടെ ഐപിഎല്ലിലും എബിഡി ഉണ്ടാകില്ലെന്ന് ഉറപ്പായി.
‘വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാല്‍ എല്ലാത്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് മത്സരം കളിച്ചിരുന്നത്. ഇപ്പോള്‍ പ്രായം 37 ആയിരിക്കുന്നു. ഈ ജ്വാല ഇനിയും ഏറെ നാള് തിളക്കത്തോടെ ജ്വലിക്കില്ല.’ വിരമിക്കലറിയിച്ച് എല്ലാവര്ക്കും നന്ദി പറഞ്ഞ് എബിഡി ട്വിറ്ററില്‍ കുറിച്ചു.
17 വര്‍ഷത്തോളം നീളുന്ന ക്രിക്കറ്റ് കരിയറിനാണ് ഇതോടെ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്. 2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിരുന്നു. ഐപിഎല്‍, ബിബിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയിലെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും ഡിവില്ലിയേഴ്സ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 50.66 ശരാശരിയില്‍ 8765 റണ്‍സ്. ഇതില്‍ 22 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അര്‍ദ്ധ സെഞ്ച്വറിയും. 228 ഏകദിനത്തില്‍ നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സ്. ഇതില്‍ 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും. 78 ടി20യില്‍ നിന്ന് 26.12 ശരാശരിയില്‍ 1672 റണ്‍സും അദ്ദേഹം നേടി. ഇതില്‍ 10 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: