കാഞ്ഞാണി: കോള്‍പ്പാടങ്ങള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സഞ്ചരിക്കുന്ന വാറ്റ് കേന്ദ്രം എക്‌സൈസ് പിടികൂടി. വെങ്കിടങ്ങ് കണ്ണോത്ത് മണല്‍പ്പുഴ കോള്‍പ്പടവിനു സമീപമുള്ള പമ്പ് ഹൗസിനടുത്ത് നിന്ന് നൂറ് ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും, മാരകായുധങ്ങളും അടങ്ങുന്ന ഒമിനിവാന്‍ വാടാനപ്പള്ളിയിൽ പിടികൂടി. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. സച്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
എക്‌സൈസ് സംഘത്തെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തില്‍ രണ്ടു ബാരലുകളിലായി സൂക്ഷിച്ചിരുന്ന വാറ്റാനായി തയ്യാറാക്കിയ വാഷ്, ഗ്യാസ് സ്റ്റൗ തുടങ്ങിയവ കണ്ടെത്തി. രാത്രി കാലങ്ങളില്‍ കോള്‍പ്പാടം കേന്ദ്രീകരിച്ച് വാറ്റ് നടത്തി മേഖലയിലെ കര്‍ഷകര്‍ക്ക് തന്നെ വിതരണം ചെയ്യുന്ന സംഘത്തിന്റേതാണ് വാഹനം. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഫാബിന്‍ പൗലോസ്, ടോണി വര്‍ഗീസ്, സി.ഡി. കമലദാസ്, അനീഷ് ഇ. പോള്‍, രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോള്‍പ്പാടങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: