തിരുവനന്തപുരം: ഇന്ന് തൃക്കാര്‍ത്തിക, ദേവീ പ്രാധാന്യമുള്ള, വെള്ളിയാഴ്‌ച്ച ദിനത്തിലെ പൗര്‍ണമി നിലാവില്‍ കാര്‍ത്തിക ദീപം തെളിയുന്നു.വൃശ്ചികമാസത്തിലെ കാര്‍ത്തിക, ദേവിയുടെ ജന്മനക്ഷത്രമായതിനാല്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തിക ആചാരപൂര്‍വം കൊണ്ടാടും. ദേവീക്ഷേത്രങ്ങള്‍ ലളിതാസഹസ്രനാമം കൊണ്ടു മുഖരിതമാകുന്ന മുഹൂര്‍ത്തത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന ഭക്തജനങ്ങള്‍ പ്രാര്‍ഥനാനിരതരാകുന്ന കാഴ്‌ച്ചകളാണ് കാണാനാവുക.
ദേവീപ്രീതിക്ക് അത്യുത്തമമായ തൃക്കാര്‍ത്തിക ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തില്‍ ചെരാതുകള്‍ തെളിച്ച് പ്രാര്‍ഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യത്തിനും അത്യുത്തമമാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ദേവീപ്രീതിക്കായി ഗൃഹങ്ങളില്‍ വിളക്ക് തെളിച്ച് കാര്‍ത്തികനക്ഷത്രത്തില്‍ ദേവിയെ വീടുകളിലേക്ക് വരവേല്‍ക്കുന്നത്. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണകമോ വെള്ളമോ തളിച്ച് ശുദ്ധീകരിച്ച ശേഷമാണ്, അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകം കൂടിയായ ദീപം തെളിക്കുക. നവരാത്രി പോലെ ദേവീപ്രീതിക്കായി ഗൃഹങ്ങളില്‍ ഉത്തമമായി വിളക്ക് തെളിച്ച് ദേവിയെ വരവേല്‍ക്കുന്നതും കാര്‍ത്തികയ്‌ക്കാണ്.
നാമം ജപിച്ചു കൊണ്ടുള്ള ജലപാനം, ഒരിക്കല്‍ ഊണ്, കിഴങ്ങുവര്‍ഗങ്ങള്‍ പുഴുങ്ങി നിവേദ്യമായി ദേവിക്ക് സമര്‍പ്പിച്ചശേഷം കഴിക്കുക തുടങ്ങിയവ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുന്നതിന് ഉത്തമമാണെന്നാണ് ഐതിഹ്യവും വിശ്വാസവും. അപൂര്‍വ്വമായി മാത്രം വന്നുപെടുന്ന വെള്ളിയാഴ്‌ച്ച ദിനത്തിലെ പൗര്‍ണമിയും കാര്‍ത്തികയും കണക്കിലെടുത്ത് ദേവീക്ഷേത്രങ്ങളില്‍, നക്ഷത്രത്തിന് പൂര്‍ണ ബലം സിദ്ധിക്കുന്ന പൗര്‍ണമി തിഥി സമയം പ്രത്യേക പൂജകള്‍ നടക്കുമെന്ന് ആചാര്യന്മാര്‍ അറിയിച്ചിട്ടുണ്ട്.
എല്ലാ പൗര്‍ണമി നാളില്‍ മാത്രം നട തുറക്കുന്ന ദേവീക്ഷേത്രങ്ങളും ഇവിടെയുണ്ട്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനവും വേദവ്യാസന്റെ ദേവീഭാഗവതത്തിലെ ഗായത്രീ സഹസ്രനാമവും ശിവസംഹിതയിലെ ശിവസ്തുതിയും അക്ഷരമാലാക്രമത്തിലാണ്. 450 വര്‍ഷം മുമ്പ് എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ കണ്ടെത്തിയ ഓരോ അക്ഷര ദേവിമാരെയും ഇപ്പോള്‍ ആദ്യമായി ശിലാരൂപത്തിലാക്കി പ്രതിഷ്ഠ നടക്കാന്‍ പോകുന്ന വെങ്ങാനൂര്‍ പൗര്‍ണമി കാവിലും പൗര്‍ണമി പൂജകള്‍ നടക്കും.
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂരിൽ തൃക്കാര്‍ത്തിക തൊഴാൻ നൂറു കണക്കിന് ഭക്തരാണ് എത്തുന്നത്. രാവിലെ ആറിന് ദേവി ആറാട്ടിനായി പുത്തന്‍കടവിലേയ്‌ക്ക് എഴുന്നെള്ളി. തിരിച്ച് സര്‍വ്വാഭരണ വിഭൂഷിതയായി എഴുന്നെള്ളിയ ദേവിയെ കിഴക്കെ ആലിന്‍ ചുവട്ടില്‍ വച്ച് സ്വീകരിച്ചു. നിരവധി പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെ വലിയ നടപ്പന്തലിലേയ്‌ക്ക് ദേവിയെ ആനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: