കാഞ്ഞങ്ങാട്: ജന്മഭൂമി കേരളത്തിലെ വ്യത്യസ്തത നിറഞ്ഞ ഏക പത്രമാണെന്നും മറ്റെല്ലാ പത്രങ്ങളും സമാനമായ നിലപാടാണ് പുലര്‍ത്തുന്നതെന്നും നിരവധി കോര്‍പറേറ്റ് മാധ്യമങ്ങളുള്ള കേരളത്തില്‍ ജന്മഭൂമിയുടെ കരുത്ത്, ശക്തി, ഔന്നത്യം എന്നിവയെല്ലാം മറ്റ് മാധ്യമങ്ങളെയെല്ലാം കവച്ചു വെക്കുന്നതാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി കാഞ്ഞങ്ങാട് സബ്ബ് ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റ് ഭീമന്‍മാര്‍ നയിക്കുന്ന പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജന്മഭൂമി നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ച് ദേശീയതയ്‌ക്ക് വേണ്ടി നിലകൊള്ളുകയും യഥാര്‍ത്ഥ്യത്തെ ഏറ്റവും ആദ്യം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നില്‍ എത്തിക്കുകയും ചെയ്യുന്നു. നാടിനെതിരായി ജനങ്ങളെ തിരിക്കാന്‍ എന്തെല്ലാം ചേരുവകള്‍ ചേര്‍ക്കണമെന്ന് ചിന്തിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. രാഷ്‌ട്രം എന്ത് ചിന്തിക്കുന്നുവോ അതിനെതിരെ ആസൂത്രിതമായ വാര്‍ത്തകള്‍ പടച്ചു വിടുകയാണ് പല മാധ്യമങ്ങളും. ഒരൊറ്റ കേന്ദ്രത്തില്‍ നിന്നാണ് ഇത്തരം സാമൂഹ്യ വിരുദ്ധ, രാഷ്ടവിരുദ്ധ വാര്‍ത്തകള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കായി രൂപം കൊള്ളുന്നത്.
കേരളത്തില്‍ ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി വളരെ ആസൂത്രിതമായി രാഷ്‌ട്രവിരുദ്ധ ചിന്തകള്‍ക്ക് സൈദ്ധാന്തിക ഭാഷ്യം രചിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. രാജ്യത്ത് നിന്ന് വേറിട്ട് നിൽക്കേണ്ടതാണ് കേരളം എന്ന രീതിയില്‍ പ്രചരണം നടക്കുന്നു. ഗൗരവമേറിയ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നപോകുന്നത്. കേരളം ഇന്ത്യയോടപ്പമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിശ്രമം വളരെ ആസൂത്രിതമായി നടക്കുന്നു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുമ്പോള്‍ ഈ സ്വാതന്ത്യവും അവകാശവും ഇനിയെത്രകാലം ഇന്നത്തെ നിലയില്‍ ഉണ്ടാകുമെന്ന് കാണേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലവില്‍ ഉള്ളത്. ഇത്തരം ഒരു സാഹചര്യത്തില്‍ നാളെ നടക്കുന്ന കാര്യങ്ങള്‍ ഇന്നേ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്ന കാട്ടി സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളെ തുറന്ന് കാട്ടുന്ന പത്രം എന്ന നിലയില്‍ ജന്മഭൂമിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.
വ്യാപാരഭവനില്‍ നടന്ന ഉദ്ഘാടന സഭയില്‍ ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: