മര്‍ഗോവ: കാല്‍പ്പന്തുകളിയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ഐഎസ്എല്‍ പുതു സീസണ് വരാവായി. എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് ഗോവയില്‍ തുടക്കം കുറിക്കും. ഉദ്ഘാടദന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന് കേരള ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോര്‍ക്കും. മര്‍ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
കഴിഞ്ഞ സീസണിലേതുപോലെ ഈ സീസണിലും പതിനൊന്ന് ടീമുകള്‍ മത്സരിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ . ആദ്യ ഘട്ടത്തില്‍ അമ്പത്തിയഞ്ച് മത്സരങ്ങള്‍ അരങ്ങേറും. ജനുവരി ഒമ്പതിന് ആദ്യ ഘട്ടമത്സരങ്ങള്‍ അവസാനിക്കും. എടികെ മോഹന്‍ ബഗാന്, എഫ്സി ഗോവ, ചെന്നൈയിന് എഫ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂര്‍ എഫ്സി, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയം, വാസ്കോ ഡ ഗാമയിലെ തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. കഴിഞ്ഞ സീസണില്‍ നിന്നും ചെറിയോരു മാറ്റത്തോടെയാണ് ഇത്തവണത്തെ ലീഗ് അരങ്ങേറുക. ടീമുകള്‍ എല്ലാ മത്സരങ്ങളിലും മൂന്ന്് വിദേശതാരങ്ങളെയും ഒരു ഏഷ്യന്‍ കളിക്കാരനെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ സീസണില്‍ ഒരു ടീമിന് അഞ്ച് വിദേശകളിക്കാരെ ഓരോ മത്സരത്തിലും ഇറക്കാനാകുമായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എല്ലാ മത്സരങ്ങളും സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: