ന്യൂദല്‍ഹി: പ്രഥമ സിഡ്‌നി സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ സാങ്കേതികപരിണാമവും വിപ്ലവവും എന്ന വിഷയത്തില്‍ മോദി സംസാരിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ആമുഖ പരാമര്‍ശങ്ങള്‍ക്കുശേഷമായിരുന്നു അഭിസംബോധന.
ഇന്തോ പസഫിക് മേഖലയിലും വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ലോകത്തും ഇന്ത്യക്കുള്ള സുപ്രധാനപങ്കിനെക്കുറിച്ചു പ്രധാനമന്ത്രി മോദി സംസാരിച്ചു. ഡിജിറ്റല്‍ യുഗത്തിന്റെ നേട്ടങ്ങളെക്കുറിച്ചു പറഞ്ഞ അദ്ദേഹം, കടലിന്റെ അടിത്തട്ടുമുതല്‍ സൈബര്‍മേഖല മുതല്‍ ബഹിരാകാശം വരെ, വൈവിധ്യമാര്‍ന്ന നിരവധി ഭീഷണികളിലുടെ ലോകം പുതിയ അപകടങ്ങളെയും സംഘര്‍ഷങ്ങളുടെ പുതിയ രൂപങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടെന്നും പറഞ്ഞു. ”സുതാര്യതയാണു ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാല്‍, ഈ സുതാര്യത ദുരുപയോഗപ്പെടുത്താന്‍ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്കു നാം അനുമതിയേകരുത്”, പ്രധാനമന്ത്രി പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയിലും ഡിജിറ്റല്‍ മേഖലയില്‍ മുന്‍പന്തിയിലുള്ളവരെന്ന നിലയിലും, സമൃദ്ധിക്കും സുരക്ഷിതത്വത്തിനുമായി കൂട്ടാളികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവം വേരൂന്നിയിരിക്കുന്നതു നമ്മുടെ ജനാധിപത്യത്തിലും ജനസംഖ്യാശാസ്ത്രത്തിലും സമ്പദ്വ്യവസ്ഥയുടെ തോതിലുമാണ്. നമ്മുടെ യുവാക്കളുടെ സംരംഭങ്ങളും നവീകരണവുമാണ് ഇതിനു കരുത്തുപകരുന്നത്. ഭൂതകാലത്തിലെ വെല്ലുവിളികള്‍ ഭാവിയിലേക്കു കുതിക്കാനുള്ള അവസരമാക്കി മാറ്റുകയാണു ഞങ്ങള്‍”.
ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന അഞ്ച് സുപ്രധാന മാറ്റങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വിപുലമായ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നു എന്നതാണ് ഒന്നാമത്തേത്. 1.3 ബില്യണിലധികം ഇന്ത്യക്കാര്‍ക്ക് സവിശേഷ ഡിജിറ്റല്‍ വ്യക്തിത്വം ഐഡന്റിറ്റിയുണ്ട്. ആറുലക്ഷം ഗ്രാമങ്ങള്‍ ഉടന്‍ ബ്രോഡ്ബാന്‍ഡുമായും ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പണമിടപാടുസംവിധാനമായ യുപിഐയുമായും ബന്ധിപ്പിക്കും. രണ്ടാമത്തേത് ഭരണം, ഉള്‍പ്പെടുത്തല്‍, ശാക്തീകരണം, പരസ്പരസമ്പര്‍ക്കസംവിധാനം, ആനുകൂല്യങ്ങളുടെ വിതരണം, ക്ഷേമം എന്നിവയ്‌ക്കായുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. മൂന്നാമതായി, ലോകത്തിലെ വലിപ്പമേറിയ മൂന്നാമത്തേതും അതിവേഗം വളരുന്നതുമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. നാലാമതായി, ഇന്ത്യയുടെ വ്യവസായസേവനമേഖലകള്‍ മാത്രമല്ല, കൃഷിപോലും, വലിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അഞ്ചാമതായി, ഭാവിയിലേക്ക് ഇന്ത്യയെ സജ്ജമാക്കാന്‍ വലിയ ശ്രമം നടത്തുന്നു. ”5ജി, 6ജി തുടങ്ങിയ ടെലികോം സാങ്കേതികവിദ്യയില്‍ തദ്ദേശീയമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനാണു ഞങ്ങള്‍ നിക്ഷേപം നടത്തുന്നത്. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവയില്‍, പ്രത്യേകിച്ച് മനുഷ്യകേന്ദ്രീകൃതവും ധാര്‍മ്മികവുമായ നിര്‍മിതബുദ്ധിയുടെ ഉപയോഗത്തില്‍ മുന്‍നിരരാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും ക്ലൗഡ് കമ്പ്യൂട്ടിംഗിലും ഞങ്ങളുടെ കഴിവുകള്‍ കരുത്താര്‍ജിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പ്രതിരോധശേഷിയെയും ഡിജിറ്റല്‍ പരമാധികാരത്തെയുംകുറിച്ചു സംസാരിച്ച അദ്ദേഹം, ”ഞങ്ങള്‍ ഹാര്‍ഡ്വെയറിലാണു ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അര്‍ദ്ധചാലകങ്ങളുടെ പ്രധാന നിര്‍മ്മാതാക്കളാകാന്‍ ആനുകൂല്യങ്ങളടങ്ങിയ പദ്ധതി ഞങ്ങള്‍ തയ്യാറാക്കുന്നുണ്ട്. ഇലക്ട്രോണിക്‌സ്, ടെലികോം എന്നിവയിലെ ഞങ്ങളുടെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യപദ്ധതികള്‍ ഇതിനകം പ്രാദേശികആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അടിത്തറയിടാന്‍ താല്‍പ്പര്യമുളവാക്കിയിട്ടുണ്ട്” എന്നും വ്യക്തമാക്കി. ഡാറ്റ സംരക്ഷണം, സ്വകാര്യത, സുരക്ഷ എന്നിവയില്‍ ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചുവ്യക്തമാക്കി. ”അതേസമയം, ജനങ്ങളുടെ ശാക്തീകരണത്തിന്റെ സ്രോതസ്സായി ഞങ്ങള്‍ ഡാറ്റ ഉപയോഗിക്കുന്നു. വ്യക്തിഗത അവകാശങ്ങളുടെ ശക്തമായ ഉറപ്പുകളുള്ള ജനാധിപത്യ ചട്ടക്കൂടില്‍ ഇക്കാര്യം ചെയ്യുന്നതില്‍ ഇന്ത്യക്കു സമാനതകളില്ലാത്ത അനുഭവസമ്പത്തുണ്ട്” പ്രധാനമന്ത്രി പറഞ്ഞു.
”ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യങ്ങള്‍ പഴക്കംചെന്നതാണ്; അതിന്റെ ആധുനികസംവിധാനങ്ങള്‍ ശക്തമാണ്. മാത്രമല്ല, ഞങ്ങള്‍ എല്ലായ്‌പ്പോഴും ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നു” അദ്ദേഹം പറഞ്ഞു.
പൊതുനന്മയ്‌ക്കായി സാങ്കേതികവിദ്യയും നയവും ഉപയോഗിക്കുന്ന ഇന്ത്യയുടെ വിപുലമായ അനുഭവം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹിക ശാക്തീകരണം എന്നിവ വികസ്വരരാജ്യങ്ങള്‍ക്കു വലിയ സഹായകമാകുമെന്നു ശ്രീ മോദി പറഞ്ഞു. ”രാഷ്‌ട്രങ്ങളെയും അവരുടെ ജനങ്ങളെയും ശാക്തീകരിക്കുന്നതിനും ഈ നൂറ്റാണ്ടിലെ അവസരങ്ങള്‍ക്കായി അവരെ തയ്യാറാക്കുന്നതിനും നമുക്ക് ഒന്നിച്ചുപ്രവര്‍ത്തിക്കാം”, അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യരാജ്യങ്ങള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ അവതരിപ്പിച്ചുകൊണ്ട്, ‘ഭാവിയിലെ സാങ്കേതികവിദ്യയില്‍ ഗവേഷണത്തിലും വികസനത്തിലും ഒന്നിച്ചുനിക്ഷേപിക്കാനും, വിശ്വസനീയമായ നിര്‍മ്മാണ അടിത്തറയും വിശ്വസനീയമായ വിതരണശൃംഖലയും വികസിപ്പിക്കാനും, സൈബര്‍ സുരക്ഷയില്‍ ഇന്റലിജന്‍സും പ്രവര്‍ത്തനസഹകരണവും ആഴത്തിലാക്കാനും, നിര്‍ണ്ണായകമായ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംരക്ഷിക്കാനും, പൊതുജനാഭിപ്രായത്തില്‍ കൃത്രിമം കാണിക്കുന്നതു തടയാനും, നമ്മുടെ ജനാധിപത്യമൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന സാങ്കേതികവും ഭരണപരവുമായ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനും, ഡാറ്റാ നിര്‍വഹണത്തിനും സുരക്ഷയ്‌ക്കും ക്രോസ്‌ബോര്‍ഡര്‍ ഫ്‌ളോയ്‌ക്കായി മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാനും’ ഒരു സഹകരണചട്ടക്കൂടിനു ശ്രീ മോദി ആഹ്വാനം ചെയ്തു. ഈ സംവിധാനം ”ദേശീയ അവകാശങ്ങള്‍ അംഗീകരിക്കുകയും അതേ സമയം വ്യാപാരം, നിക്ഷേപം, പൊതുനന്മയ്‌ക്കായുള്ള കാര്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യണ”മെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യം കണക്കിലെടുത്ത് ക്രിപ്‌റ്റോ കറന്‍സി ഉദാഹരണമാക്കി, ”എല്ലാ ജനാധിപത്യരാഷ്‌ട്രങ്ങളും ഇക്കാര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നതു പ്രാധാന്യമര്‍ഹിക്കുന്നു; അതു നമ്മുടെ യുവാക്കളെ നശിപ്പിക്കുംവിധത്തില്‍ തെറ്റായ കൈകളില്‍ എത്താതിരിക്കാനും ശ്രദ്ധിക്കണം” എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: